ബിജെപി തലപ്പത്തേക്ക് സിനിമാ പ്രതിനിധി വീണ്ടും; ജി സുരേഷ് കുമാർ സംസ്ഥാന സമിതിയിൽ; പാലക്കാട് നിന്ന് പ്രിയ അജയകുമാറും
തിരുവനന്തപുരം: സിനിമാ രംഗത്ത് നിന്നുള്ള പ്രമുഖരായ ദേവനേയും മേജര്‍ രവിയേയും കൃഷ്ണകുമാറിനേയും ബിജെപി തലപ്പത്തേക്ക് ഉയര്‍ത്തിയതിന് പിന്നാലെ പ്രമുഖ സിനിമാ നിര്‍മാതാവ് ജി.സുരേഷ് കുമാറിനേയും സംസ്ഥാന സമിതിയിലുള്‍പ്പെടുത്തി.
പാലക്കാട് നഗരസഭാ അധ്യക്ഷയായിരുന്ന അഡ്വ. പ്രിയാ അജയനും ബിജെപി സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് നാമനിര്‍ദ്ദേശം ചെയ്തത്.
നടി മേനകയാണ് സുരേഷ് കുമാറിന്റെ ഭാര്യ. നടി കീർത്തി, രേവതി എന്നിവർ മക്കളാണ്. സിനിമാ സംവിധായകന്‍ മേജർ രവി, നടന്‍ ദേവന്‍ എന്നിവരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായി ഈയിടെ തിരഞ്ഞെടുത്തിരുന്നു.
കെ. സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. മുന്‍പ് അദ്ദേഹം രൂപീകരിച്ച കേരള പീപ്പിൾസ് പാര്‍ട്ടിയെ ബിജെപിയിലേക്ക് ലയിപ്പിക്കുകയും ചെയ്തിരുന്നു.
ബിജെപിയില്‍ സിനിമാക്കാരെ തുടര്‍ച്ചയായി ഉള്‍പ്പെടുത്തുന്നത് ആക്ഷേപങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടവരുത്തുന്നുണ്ട്. പാര്‍ട്ടി വളര്‍ച്ച സംസ്ഥാനത്ത് വഴിമുട്ടി നില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ ഇവര്‍ക്ക് എന്ത് സംഭാവനയാണ് നല്‍കുവാന്‍ കഴിയുക എന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here