താരാരാധനക്കൊപ്പം പൂസാകാന്‍ താരബ്രാന്‍ഡ് മദ്യങ്ങളും; സൂപ്പര്‍ സ്റ്റാറുകളുടെ പേരില്‍ യമണ്ടന്‍ ഐറ്റംസ്

രാജ്യത്തെ സിനിമാ താരങ്ങളില്‍ ഒട്ടുമിക്കവരും അഭിനയത്തിന് പുറമെ പലതരം ബിസിനസുകളില്‍ പങ്കാളികളോ, നേരിട്ട് വ്യവസായം നടത്തുന്നവരോ ആണ്. ബോളിവുഡിലെയും മോളിവുഡിലേയും താരങ്ങളില്‍ പലരും മദ്യ നിര്‍മ്മാണ – വിപണന രംഗത്തേക്ക് ഇറങ്ങിയിട്ടുണ്ട്. ഏതാണ്ട് അമ്പതിനായിരം കോടി രൂപ വിറ്റുവരവുള്ള ഇന്ത്യന്‍ മദ്യ വ്യവസായത്തിന്റെ അപാരമായ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് താരങ്ങള്‍ ഈ മാര്‍ക്കറ്റിലേക്ക് ഇറങ്ങിയിരിക്കുന്നത്.

വിപുലമായ തോതില്‍ ആരാധകരുള്ള താരങ്ങള്‍ക്ക് അവരുടെ പേരിലുള്ള ബ്രാന്‍ഡുകള്‍ എളുപ്പത്തില്‍ വിറ്റഴിക്കാം. കടുത്ത താരാരാധന നിലവിലുള്ള നമ്മുടെ നാട്ടില്‍ ഇഷ്ടപ്പെട്ട താരം അടിക്കുന്ന ബ്രാന്‍ഡ് മദ്യം കുടിക്കാന്‍ സ്വാഭാവികമായും താല്‍പര്യമുണ്ടാകും. ആ സാധ്യത മുതലെടുക്കാനുള്ള അവസരമാണ് തന്ത്രപരമായി ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ബ്രാന്‍ഡുകളുടെ പ്രചരണം സുഗമമായി നടത്താനും കഴിയുന്നുണ്ട്. താരമൂല്യം പരമാവധി പ്രയോജപ്പെടുത്തി ബിസിനസ് വിപുലപ്പെടുത്തുക എന്ന തന്ത്രമാണ് ഈ താരങ്ങള്‍ പ്രയോഗിക്കുന്നത്.

2023ല്‍ ഹിന്ദി സിനിമയിലെ നായകനും വില്ലനുമൊക്കെയായ സഞ്ജയ് ദത്ത് തന്റെ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയില്‍ നിന്ന് ഗ്ലെന്‍വാക്ക് സ്‌കോച്ച് വിസ്‌കി ലോഞ്ച് ചെയ്തത് വന്‍ വിജയമായിരുന്നു. ഏഷ്യയില്‍ വളരെ പെട്ടെന്ന് കുടിയമ്മാരുടെ ഫേവറിറ്റ് വിസ്‌കിയായി മാറിക്കഴിഞ്ഞു ദത്ത് സാഹബിന്റെ ഗ്ലെന്‍ വാക്ക് .2024 ലെ ഏറ്റവും മികച്ച വിസ്‌കി ബ്രാന്‍ഡിനുള്ള ഇന്ത്യാ വൈന്‍സ് ആന്റ് സ്പിരിറ്റ് ഗോള്‍ഡ് മെഡല്‍ അവാര്‍ഡ് ലഭിച്ചു. (Gold Medal at India Wines and Spirits Award 2024) കഴിഞ്ഞ വര്‍ഷം ആറ് ലക്ഷം ബോട്ടിലാണ് വിറ്റഴിച്ചത്.

2022ല്‍ ഷാരൂഖ് ഖാനും മകന്‍ ആര്യന്‍ ഖാനും ചേര്‍ന്ന് സ്ഥാപിച്ച ‘ഡി – യാവോള്‍ ‘ ( D’YAVOL) വോഡ്ക മദ്യ മാര്‍ക്കറ്റില്‍ തരംഗമാണ്. ഡി-യാ വോള്‍ എന്ന ഷാരുഖിന്റെ സ്പിരിറ്റ് നിര്‍മ്മാണ കമ്പിനി വന്‍ സസ്‌കസ് ആണ്. പോളണ്ടിലെ പ്രമുഖ സ്‌കോച്ച് നിര്‍മ്മാണ കമ്പിനിയുമായി ചേര്‍ന്നാണ് ഷാരുഖിന്റെ കമ്പിനിയുടെ മദ്യ നിര്‍മ്മാണവും വിപണനവും. ഷാരൂഖിന്റെയും മകന്റേയും ചിത്രമുപയോഗിച്ചാണ് വോഡ്കയുടെ ബ്രാന്‍ഡിംഗ്

ഇന്ത്യന്‍ താരങ്ങളില്‍ മദ്യക്കച്ചവടത്തിലേക്ക് ഇറങ്ങിയ ആദ്യതാരം ഹിന്ദി സിനിമയിലെ കിടിലന്‍ വില്ലനെന്ന് പേരും പെരുമയുള്ള ഡാനി ഡെന്‍സോങ്പയാണ്.
(Danny Denzongpa) 1987 ല്‍ അദ്ദേഹം സിക്കിമില്‍ സ്ഥാപിച്ച യുക് സോം ബ്രൂ വറീസ് വന്‍ വിജയമായിരുന്നു. ബീയര്‍ നിര്‍മ്മാണ – വിപണന രംഗത്താണ് ഡാനിയുടെ കമ്പിനി കേന്ദ്രീകരിച്ചിരിക്കുന്നത്. ഡാന്‍സ് ബെര്‍ഗ്, ഹിറ്റ് ബീയര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ വടക്ക് – കിഴക്കന്‍ മേഖലയില്‍ ബംപര്‍ ഹിറ്റാണ്. 100 കോടി രൂപയിലധികം വിറ്റുവരവുള്ള കമ്പിനി വിപുലീകരണത്തിലാണ്. പ്രതിവര്‍ഷം യുക് സോമിന്റെ 10 ലക്ഷം ബീയര്‍ കുപ്പികളാണ് വിറ്റഴിയുന്നത്.

തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം റാണാ ദഗുപതിയും സംഗീത സംവിധായകന്‍ അനിരുദ്ധ് രവി ചന്ദറും ചേര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ ടെക്കീല (tequila ) ബ്രാന്‍ഡായ ‘ലോ- ലോക്ക’ (Loca – Loka) മദ്യം പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യന്‍ – മെക്‌സിക്കന്‍ മദ്യ രുചികളുടെ ചേരുവകള്‍ ഉള്‍പ്പെടുത്തിയതാണ് ലോക്ക – ലോക യുടെ രുചിക്കുട്ട്.

അമേരിക്കയിലാണ് ഈ ടെക്കീല ബ്രാന്‍ഡ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയത്. ഈ വര്‍ഷം ആദ്യം ലോക്ക – ലോക ഇന്ത്യയിലെത്തും. സ്പാനിഷ് വാക്കായ ലോക്കയും (crazy എന്നാണര്‍ത്ഥം) ലോകം എന്നര്‍ത്ഥമുള്ള സംസ്‌കൃത വാക്കായ ലോകയും ചേര്‍ത്തുള്ള പേരാണ് ടെക്കീലക്ക് നല്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top