തിരുവനന്തപുരം മെട്രോയ്ക്ക് 11000 കോടി ചെലവ് വരുമെന്ന് വിലയിരുത്തല്‍; അന്തിമ ഡിപിആർ ഉടന്‍ സമര്‍പ്പിക്കും; പിന്തുടരുക കൊച്ചി മെട്രോ മാതൃക; പ്രതീക്ഷ കേന്ദ്ര പിന്തുണയില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ മെട്രോ പദ്ധതി സജീവമാകുന്നു. മെട്രോയ്ക്ക് 11000 കോടി രൂപ ചെലവ് വരുമെന്ന് പ്രാഥമിക വിലയിരുത്തൽ. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സർക്കാരിനു സമർപ്പിച്ച പ്രാഥമിക പദ്ധതിരേഖയിലാണ് ഈ വിവരങ്ങൾ. തലസ്ഥാനത്തെ മെട്രോയ്ക്ക് കേന്ദ്ര പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (ഡിഎംആർസി) പദ്ധതിരേഖ തയ്യാറാക്കിയത്. കൊച്ചി മെട്രോയുടെ മാതൃകയിലുള്ള മീഡിയം മെട്രോയാണ് തലസ്ഥാനത്തും നടപ്പാക്കുന്നത്.

മെട്രോ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചശേഷമായിരിക്കും അന്തിമ ഡിപിആർ കെഎംആർഎൽ സർക്കാരിനു സമർപ്പിക്കുക. പള്ളിപ്പുറം ടെക്‌നോസിറ്റി മുതൽ കരമന, കൈമനം വഴി പള്ളിച്ചൽ വരെ 27.4 കിലോമീറ്റർ ദൂരത്തിലാണ് ഒന്നാംഘട്ടം. കഴക്കൂട്ടം, ടെക്‌നോപാർക്ക്, ലുലുമാൾ, ചാക്ക, ഈഞ്ചയ്ക്കൽ വഴി കിള്ളിപ്പാലം വരെ 14.7 കിലോമീറ്റർ രണ്ടാം ഘട്ടത്തിലും നടപ്പാക്കും.

ഒന്നാംഘട്ടത്തിന് 7500 കോടി രൂപയും രണ്ടാം ഘട്ടത്തിന് 4000 കോടി രൂപയുമാണ്‌ ‌നിർമാണച്ചെലവായി കണക്കാക്കിയിരിക്കുന്നത്. കഴക്കൂട്ടത്തും കിള്ളിപ്പാലത്തുമായിരിക്കും മെട്രോ ടെർമിനൽ സ്‌റ്റേഷനുകൾ. ഒന്നാംഘട്ടത്തിലെ പ്രദേശങ്ങളിൽ മേൽപ്പാലത്തിലൂടെ നിർമിക്കുന്ന മെട്രോ രണ്ടാംഘട്ടത്തിലെത്തുമ്പോൾ ചിലയിടങ്ങളിൽ ഭൂഗർഭപാതയിലൂടെയായിരിക്കും സഞ്ചരിക്കുക. ഇതിന്റെ സാധ്യതാപഠനവും പൂർത്തിയായിട്ടുണ്ട്.

നേരത്തെ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാനായിരുന്നു ആലോചിച്ചിരുന്നത്. പിന്നീട് പഠനം നടത്തിയാണ് മീഡിയം മെട്രോയാണ് തിരുവനന്തപുരത്തിനും അനുയോജ്യമാണെന്ന് കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top