ടി.പി ചന്ദ്രശേഖരൻ വധക്കേസ്; അപ്പീലുകളിൽ ഹൈക്കോടതി അന്തിമവാദം കേൾക്കുന്നു

എറണാകുളം: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ വാദിഭാഗവും പ്രതിഭാഗവും നൽകിയ അപ്പീലുകളിൽ ഹൈക്കോടതിയിൽ അന്തിമവാദം തുടങ്ങി. ശിക്ഷാവിധിക്കെതിരെ പ്രതികളും, മറ്റ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാരും കെ.കെ.രമയുമാണ് അപ്പീൽ നൽകിയിട്ടുള്ളത്. ജസ്റ്റിസുമാരായ ഡോ എ.കെ. ജയശങ്കരൻ നമ്പ്യാർ, ഡോ കൗസർ എടപ്പഗത്ത് എന്നിവരുടെ ബെഞ്ചാണ് വാദം കേൾക്കുന്നത്

മരിച്ചുപോയ സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തൻ ഉൾപ്പെടെ കേസിൽ 12 പ്രതികളെയാണ് മാറാട് സ്‌പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. എന്നാൽ മറ്റ് പ്രതികളെ വെറുതെ വിട്ടതിൽ ടി പിയുടെ ഭാര്യ കെ.കെ.രമ അപ്പീൽ നൽകുകയായിരുന്നു. വാദിയുടെ ആവശ്യപ്രകാരം അഡ്വക്കേറ്റ് പി.കുമാരൻകുട്ടിയെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചത്.

ആർ.എം.പിയുടെ സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ 2012 മെയ്‌ നാലിനാണ് വടകരക്കടുത്ത് വള്ളിക്കാട് വച്ച് ഒരുസംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. 51 വെട്ടാണ് ടി പിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. സമാനതകളില്ലാത്ത കൊലപാതകമെന്നാണ് കോടതി നിരീക്ഷിച്ചത്. സിപിഎമ്മിൽ പ്രത്യയശാസ്ത്ര വ്യതിചലനങ്ങൾ നടക്കുന്നുണ്ടെന്ന് പരസ്യമായി വിമർശിച്ച് 2009ലാണ് ചന്ദ്രശേഖരൻ പാർട്ടി വിട്ടത്.

പ്രതികൾക്ക് ജയിലിൽ പ്രത്യേക പരിഗണനയാണെന്നും ആവശ്യാനുസരണം പരോൾ അനുവദിക്കുന്നുണ്ടെന്നും ആരോപിച്ച് നിരവധി വിമർശങ്ങളും ഉയർന്നിരുന്നു. അടുത്തയിടെ കേസിലെ മൂന്നാം പ്രതി കൊടി സുനിയെ വിലങ്ങില്ലാതെ ട്രെയിനിൽ കൊണ്ടുപോയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതും വിവാദം സൃഷ്ടിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top