സംസ്ഥാനത്ത് സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു; അന്തിമ പട്ടിക പുറത്തുവന്നപ്പോൾ മത്സരരംഗത്ത് 194 പേർ; ഏറ്റവും കൂടുതൽ കോട്ടയത്ത്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ കേരളത്തിൽ അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറായി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇന്ന് 3 മണി വരെയായിരുന്നു സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള സമയപരിധി.
സംസ്ഥാനത്താകെ 10 സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർത്ഥികളുള്ളത്, 14 പേർ. ഏറ്റവും കുറവ് ആലത്തൂരാണ്, അഞ്ച് പേർ. കോഴിക്കോട് 13, കൊല്ലത്തും കണ്ണൂരും തിരുവനന്തപുരത്തും 12 വീതം, ആറ്റിങ്ങലും ഇടുക്കിയിലും ഏഴ് വീതം, പത്തനംതിട്ടയും പൊന്നാനിയും മലപ്പുറവും എട്ട് വീതം , മാവേലിക്കരയും തൃശൂരും വയനാടും കാസർകോടും 9 വീതം, ആലപ്പുഴയും ചാലക്കുടിയും 11 വീതം, എറണാകുളത്തും പാലക്കാടും വടകരയും 10 വീതം എന്നിങ്ങനെയാണ് ഓരോ ജില്ലകളിലെയും സ്ഥാനാർത്ഥികളുടെ എണ്ണം.
സംസ്ഥാനത്താകെയുള്ള 194 സ്ഥാനാർത്ഥികളിൽ 25 പേർ സ്ത്രീകളാണ്, പുരുഷന്മാർ 169. ഏറ്റവുമധികം വനിതാ സ്ഥാനാർത്ഥികളുള്ളത് വടകര മണ്ഡലത്തിലാണ്, 4 പേർ. തിരുവനന്തപുരം, മാവേലിക്കര, ഇടുക്കി, ചാലക്കുടി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, വടകര എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here