നവകേരളസദസിന് ടിഎ 35ലക്ഷം; കേരളംചുറ്റിയ മന്ത്രിസംഘത്തിനുള്ള തുക അധികഫണ്ടായി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 140 നിയോജക മണ്ഡലങ്ങളിലും നവകേരള സദസുമായി സഞ്ചരിച്ചതിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ട്രാവല്‍ അലവന്‍സ് (ടിഎ) നല്‍കാന്‍ തുക അനുവദിച്ച് ധനവകുപ്പ്. 35 ലക്ഷം രൂപയാണ് അധിക ഫണ്ടായി അനുവദിച്ച് ഉത്തരവിറങ്ങിയത്. നിലവിലുള്ള ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. ജനുവരി 30ന് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി.

ടിഎ നല്‍കാന്‍ 35 ലക്ഷം വേണമെന്ന് പൊതുഭരണ വകുപ്പ് ജനുവരി 16ന് ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 14 ദിവസം കൊണ്ട് അതിവേഗത്തിലാണ് ധനവകുപ്പ് തീരുമാനമെടുത്തതും ഉത്തരവിറക്കിയതും. നിലവില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒരു കിലോമീറ്റര്‍ യാത്രക്ക് 15 രൂപയാണ് ടിഎയായി ലഭിക്കുന്നത്. നവകേരള യാത്രയുടെ ദൂരം കണക്കാക്കി ടിഎ അനുവദിക്കും. ഇതുകൂടാതെ ഒരു ദിവസത്തെ താമസത്തിന് 1000 രൂപ പ്രത്യേക അലവന്‍സുമുണ്ട്. ഇതനുസരിച്ച് 36 ദിവസത്തെ നവകേരളയാത്രക്ക് താമസത്തിന് മാത്രം 36000 രൂപ ഒരു മന്ത്രിക്ക് നല്‍കണം.

നവകേരള സദസ് ധൂര്‍ത്താണെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കുമ്പോഴാണ് ഇതിനായി ഖജനാവില്‍ നിന്ന് ചിലവാകുന്ന തുകകളുടെ കണക്കുകള്‍ ഓരോ ദിവസവും പുരത്തു വരുന്നത്. നവകേരള സദസിന്റെ ചിലവ് സംബന്ധിച്ച കണക്കുകളൊന്നും സര്‍ക്കാര്‍ പൂര്‍ണ്ണമായും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നവകേരള സദസിനു വേണ്ടി 1.05 കോടിയുടെ ആഡംബര ബസ് സര്‍ക്കാര്‍ വാങ്ങിയത് വിവാദമായിരുന്നു. ചിലവ് ചുരുക്കാനാണ് ബസില്‍ യാത്ര ചെയ്യുന്നതെന്നായിരുന്നു മുഖ്യമന്ത്രിയടക്കം ഇതിന് മറുപടി നല്‍കിയിരുന്നത്. പരിപാടിയില്‍ ബസില്‍ പങ്കെടുത്തെങ്കിലും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും ഔദ്യോഗിക വാഹനങ്ങളും ബസിനൊപ്പം സഞ്ചരിച്ചു. ഇതിന്റെ ചിലവുകള്‍ ഇനി പുറത്തുവരാനിരിക്കുന്നതേയുള്ളു.

നവകേരള സദസുമായും അതിന് മുമ്പ് സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം പരിപാടിയുടെയും കണക്കുകള്‍ സംബന്ധിച്ച ചോദ്യങ്ങളിലെല്ലാം സര്‍ക്കാര്‍ മൗനത്തിലാണ്. സ്പോണ്‍സര്‍മാരുടെ വിവരങ്ങള്‍ പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിയമസഭാ ചോദ്യങ്ങളിലും മുഖ്യമന്ത്രി മൗനം തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top