മാസപ്പടിയിൽ മറുപടി നൽകി; കുഴൽനാടൻ തെറ്റിദ്ധാരണ പരത്തുകയാണ്: മന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ്റെ മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടന് മറുപടിയുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വീണയ്ക്ക് സിഎംആർഎൽ നൽകിയ പണവുമായി ബന്ധപ്പട്ട മാത്യു കുഴൽനാടന്റെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. വീണാ വിജയൻ നികുതി അടച്ചെന്ന സംഭവത്തിൽ മാത്യു കുഴൽ‌നാടൻ തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, വീണാ വിജയൻ ഐജിഎസ്ടി അടച്ച തീയതി പുറത്ത് വന്നിട്ടുണ്ട്. 2018 ജൂൺ 14, 2018 ജൂലൈ 30, 2018 ഓഗസ്റ്റ് ഒന്ന് എന്നീ തീയതികളിലാണ് വീണ നികുതി അടച്ചത്. ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കുന്നതിന് മുന്‍പ് തന്നെ സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയിരുന്നുവെന്നും അത് മറച്ച് വച്ച് വീണ ജിഎസ്ടി അടച്ചതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ധനവകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നുമാണ് കുഴൽനാടൻ്റെ ഇന്ന് ആരോപിച്ചിരുന്നു. ഇതിന് മറുപടിയാണ് ധനമന്ത്രി നൽകിയിരിക്കുന്നത്. 2018 ജനുവരി ഒന്ന് മുതലാണ് ജിഎസ്ടി ആരംഭിക്കുന്നത്. വീണ പണം വാങ്ങിത്തുടങ്ങിയത് 2017 ജനുവരി ഒന്നുമുതലാണ്. ഇക്കാലയളവിനിടയില്‍ വീണയുടെ അക്കൗണ്ടില്‍ 60 ലക്ഷം രൂപ വന്നിട്ടുള്ളതായി റിപ്പോര്‍ട്ടിലുണ്ടെന്നും ഇന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടിയിരുന്നു .

മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് കുഴൽനാടൻ്റെ ആരോപണം എന്നാണ് ധനമന്ത്രിയുടെ വിശദീകരണം. ജിഎസ്ടി നിയമം നിലവിൽ വന്നത് 2017 ജൂലൈ 1 മുതലാണ്. ഐജിഎസ്ടി അടയ്ക്കാനുള്ള പണം കേരളത്തിന് ലഭിച്ചു. ഇക്കാര്യത്തിൽ നിയമാനുസൃതമായി കുഴൽനാടന് മറുപടി നൽ‌കിയെന്നും മന്ത്രി പറഞ്ഞു.

വീണാ വിജയൻ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ പണത്തിന് നികുതി അടച്ചോ എന്ന് ചോദിച്ച് മാത്യു കുഴൽനാടൻ കത്ത് നൽകിയിരുന്നു. അതിന് കൃത്യമായ മറുപടി നൽകി. നികുതി അടയ്ക്കാത്ത ആളുകളുടെ വിവരങ്ങൾ പുറത്തു വിടാറില്ല. എംഎൽഎ തെറ്റിദ്ധാരണ പരത്തുന്നത് ശരിയല്ല. മറുപടി കിട്ടിയിട്ടും തെറ്റിദ്ധാരണ പരത്തുകയാണ്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വ്യക്തിപരമായി ആക്രമിക്കുകയാണ് ” – കെ. എൻ. ബാല​ഗോപാൽ പറഞ്ഞു.

ഐജിഎസ്ടി വഴി ടാക്സ് അടച്ച നികുതി കേരളത്തിന് കിട്ടിയിരുന്നോയെന്നാണ് മാത്യു കുഴൽ നാടൻ ചോദിച്ചത്. നികുതി ഒടുക്കിയെന്ന് മറുപടി കൊടുത്തു. നിയമപരമായി തന്നെയേ മറുപടി പറയാൻ കഴിയൂ. ഐജിഎസ്ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട്.2017 ജൂലൈ ഒന്ന് മുതലാണ് ജി എസ് ടി നിലവിൽ വരുന്നത്. അതിന് മുൻപ് സർവ്വീസ് ടാക്സ് സെൻട്രൽ ടാക്സ് ആണ്. കുടുംബത്തെയും വ്യക്തിപരമായും അക്രമിക്കുന്നത് നല്ലതല്ല. ഇതൊക്കെ മുഖ്യമന്ത്രിയ്ക്ക് എതിരെയുള്ള അക്രമത്തിൻ്റെ ഭാഗമാണ്. നല്ല നന്ദിയും നല്ല നമസ്ക്കാരവുമാണ് കുഴൽനാടൻ പറയേണ്ടിരുന്നത്. ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ചിട്ട് പുതിയ കാര്യവുമായി വരാൻ കുഴൽനാടനോട് ധനമന്ത്രി മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.

2017 മുതൽ 2020 വരെയുള്ള കാലയളവിൽ കരിമണൽ കമ്പനിയായ സിഎംആർഎൽ നൽകിയ 1.72 കോടി രൂപയ്ക്ക് വീണ വിജയൻ ഐജിഎസ്ടി അടച്ചുവെന്ന ധനവകുപ്പിൻ്റെ സ്ഥിരീകരണമാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയതാണ് മുഖ്യവിഷയമെന്നും മാത്യു കുഴൽനാടൻ ഇന്ന് പറഞ്ഞിരുന്നു.

2.80 കോടി രൂപ വീണാ വിജയന്‍ സിഎംആർ എല്ലിൽ നിന്നും കൈപ്പറ്റിയിട്ടുണ്ട്. ഇതില്‍ 2.20 കോടി രൂപയ്ക്ക് നികുതി അടച്ചു. എന്നാൽ 60 ലക്ഷത്തിന് നികുതി അടച്ചിട്ടില്ലെന്നുമുള്ള ആരോപണത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നതായി ഇന്ന് കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിണറായി വിജയന്‍റെ കുടുംബത്തിന്‍റെ കൊള്ള സംരക്ഷിക്കുന്നതിനാണ് ധനവകുപ്പ് ശ്രമിക്കുന്നത്. ധനവകുപ്പ് പുറത്തിറക്കിയത് കത്തല്ല ക്യാപ്സൂളാണ് എന്നും ഇന്ന് മാത്യു കുഴൽ നാടൻ പരിഹസിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top