സാമ്പത്തിക പ്രതിസന്ധി: ബൈജൂസ്‌ 4000 പേരെ പിരിച്ചു വിടുന്നു, കമ്പനിയുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ

ബെംഗളൂരു: പുതിയ സിഇഒ അർജുൻ മോഹൻ ചുമതല ഏറ്റതിനു പിന്നാലെ പുനഃക്രമീകരണത്തിന് ഒരുങ്ങുകയാണ് ബൈജൂസ്‌ എഡ്യുടെക്. വരും ദിവസങ്ങളിൽ നാലായിരം തൊഴിലാളികളെ പിരിച്ചു വിടാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഈ നീക്കം.

പിരിച്ചു വിടൽ രാജ്യമൊട്ടാകെയുള്ള കമ്പനിയുടെ വിപണനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ലാഭം ലക്‌ഷ്യംവച്ചുള്ള നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ 3500 പേരെ പിരിച്ചുവിട്ടിരുന്നു. കൂടാതെ പിരിച്ചുവിട്ടവർക്ക് ആനുകൂല്യങ്ങൾ മുഴുവൻ ഇതുവരെ കൊടുത്തു തീർത്തിട്ടുമില്ല. ഈ സ്ഥിതി നിലനിൽക്കെയാണ് വീണ്ടും സമാനമായ നീക്കത്തിന് കമ്പനി തയാറാകുന്നത്. പുനഃക്രമീകരണം അവസാന ഘട്ടത്തിലാണെന്നും, ചെലവ് ചുരുക്കലും മെച്ചപ്പെട്ട സാമ്പത്തിക ക്രമീകരണവുമാണ് ലക്ഷ്യമെന്നും ബൈജൂസ്‌ വക്താവ് അറിയിച്ചു.

2011ൽ മലയാളിയായ ബൈജു രവീന്ദ്രനാണ് മത്സരപരീക്ഷകൾക്കായി തിങ്ക് ആൻഡ് ലേൺ എന്ന സ്റ്റാർട്ടപ്പ് സ്ഥാപനം തുടങ്ങുന്നത്. 2015ൽ ബൈജൂസ്‌ ആപ്പ് എന്ന പേരിൽ ഓൺലൈൻ പഠന ശൃംഖലയായി വളർന്നു. ഫെയ്‌സ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് മൂലധന നിക്ഷേപം നടത്തിയ ഏഷ്യയിലെ തന്നെ ആദ്യ സ്റ്റാർട്ടപ്പ് എന്ന ഖ്യാതിയും ബൈജൂസിന് ലഭിച്ചു. എന്നാൽ ആദ്യത്തെ വളർച്ച നിലനിർത്താൻ സാധിച്ചില്ല. പ്രമുഖ അന്താരാഷ്ട്ര നിക്ഷേപങ്ങൾ ഉണ്ടായിട്ടും കമ്പനി നഷ്ടത്തിലായി. ഓഡിറ്റ് റിപ്പോർട്ട് സമയത്ത് പുറത്തുവിടാത്തത് കാരണം നിക്ഷേപകർ പലരും കമ്പനി വിട്ടു. 2021ൽ ആഗോളതലത്തിൽ വളരെ വലിയ ഏറ്റെടുക്കൽ കമ്പനി നടത്തിയിരുന്നു. അവയിൽ പലതും നഷ്ടത്തിലായത് പ്രതിസന്ധി രൂക്ഷമാക്കി.

ബൈജൂസിന്റെ അനുബന്ധ സ്ഥാപനങ്ങളിൽ പിരിച്ചുവിടൽ ഉണ്ടാകില്ല എന്നാണ് വിവരം. എന്നാൽ 2021ൽ ബൈജൂസിന്റെ ഭാഗമായ ഗ്രേറ്റ് ലേർണിംഗ്, എപിക്ക് എന്നിവ വിറ്റ് അടുത്ത ആറ് മാസത്തിനുള്ളിൽ ഹ്രസ്വകാല വായ്‌പ്പാ കുടിശ്ശിക തീർക്കാനാണ് കമ്പനിയുടെ തീരുമാനം. പ്രതിസന്ധിമൂലം നേരത്തെ ബൈജൂസിന്റെ തലപ്പത്ത് നിന്നും ഉദ്യോഗസ്ഥർ കൂട്ടമായി രാജി വച്ചിരുന്നു. സ്ഥിതി മെച്ചപ്പെടുത്താൻ എസ്ബിഐ മുൻ ചെയർമാൻ രജനീഷ് കുമാർ , ഇൻഫോസിസ് മുൻ സിഎഫ്ഒ ടി.വി മോഹൻദാസ് പൈ എന്നിവരെ അടുത്തിടെയാണ് കമ്പനിയുടെ ഉപദേശക സമിതിയിൽ നിയമിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top