ഡ്രൈവിംഗ് ലൈസന്‍സ് കിട്ടാക്കനിയാകും; പണം നല്‍കാതെ ഇനി വിതരണമില്ലെന്ന് പോസ്റ്റല്‍ വകുപ്പ്; പ്രിന്റ്‌ ചെയ്യാനുള്ള കാര്‍ഡ് നല്‍കാതെ ഐടിഐയും

കൊച്ചി: സര്‍ക്കാര്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ഡ്രൈവിംഗ് ലൈസന്‍സ് വിതരണത്തെ ബാധിക്കുന്നു. തപാൽ നിരക്കുകൾ ഒടുക്കാതെ വിതരണം തുടരാൻ കഴിയില്ലെന്ന് പോസ്റ്റൽ വകുപ്പ് നിലപാടെടുത്തു. ഇതിന് മുൻപ് 15 ദിവസം പണം കിട്ടാതെ തപാൽ വകുപ്പ് വിതരണം നിർത്തിവച്ചിരുന്നു. ലൈസൻസ് അച്ചടിക്കുന്ന ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് കൊച്ചി തേവര യൂണിറ്റിനും (ഐടിഐ) ഇത് സംബന്ധിച്ച് തപാൽ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

ഡ്രൈവിംഗ് ലൈസന്‍സിന് കേന്ദ്രീകൃത പ്രിന്റിംഗ് സംവിധാനമാണ് നിലവിലുള്ളത്. സര്‍ക്കാരിനു വേണ്ടി കരാര്‍ എടുത്തിരിക്കുന്നത് പാലക്കാട് ഐടിഐയാണ്. ലൈസൻസ് അച്ചടിക്കാനുള്ള കാർഡിനുള്ള തുക ഒടുക്കാത്തതിനാൽ ഇവിടെ നിന്നുള്ള കാർഡിൻ്റെ വിതരണവും നിലച്ചു. ഇതോടെ തേവരയിലെ ലൈസൻസ് അച്ചടിയും പൂർണമായി നിലച്ചു. ഈമാസം 13 വരെയുള്ള കാര്‍ഡുകളുടെ പ്രിന്റിംഗ് മാത്രമാണ് പൂര്‍ത്തിയായി വിതരണത്തിന് നല്‍കിയിരിക്കുന്നത്.

“കാര്‍ഡുകള്‍ പാലക്കാട് നിന്ന് വരണം. അച്ചടിച്ചാലുടൻ തപാല്‍ വഴി പോകുകയും വേണം. ഇത് രണ്ടും ഇപ്പോള്‍ നടക്കാത്ത അവസ്ഥയാണ്. പണം കിട്ടാതെ ഒന്നും ചെയ്യാനില്ല”-ഐടിഐ തേവര യൂണിറ്റ് അധികൃതര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പണം നൽകാൻ കഴിയുന്നില്ലെന്ന് മോട്ടോർ വാഹനവകുപ്പ് ഉന്നതവൃത്തങ്ങൾ മാധ്യമ സിൻഡിക്കറ്റിനോട് സ്ഥിരീകരിച്ചു. പ്രശ്നം പരിഹരിക്കാൻ എല്ലാ വഴിക്കും ശ്രമം നടക്കുകയാണെന്നും അവർ അറിയിച്ചു.

ഇക്കഴിഞ്ഞ മാസമാണ് പണം കിട്ടാതെ പോസ്റ്റല്‍ വകുപ്പ് 15 ദിവസം ലൈസന്‍സ് വിതരണം മുടക്കിയത്. ധനവകുപ്പ് പണം നല്‍കിയ ശേഷമാണ് വിതരണം പുന:സ്ഥാപിച്ചത്. ഇത്തവണ ഐടിഐ തേവര സെന്ററില്‍ ഓര്‍ഡറുകള്‍ കുന്നുകൂടിയിട്ടുണ്ട്. ഈ മാസം 13ന് കാര്‍ഡ് തീര്‍ന്നശേഷം ആകെ 40000 കാര്‍ഡ് മാത്രമാണ് പാലക്കാട്ട് നിന്ന് വന്നത്. ഇവ അച്ചടിച്ചെങ്കിലും പോസ്റ്റൽ വകുപ്പ് കടുത്ത നിലപാടെടുത്തതോടെ ഇവയും വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതും സെന്ററില്‍ കെട്ടിക്കിടക്കുകയാണ്.

ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ച് കഴിഞ്ഞാല്‍ നേരെ തേവരയിലെ ഐടിഐ സെന്‍ററിലേക്ക് അച്ചടിക്കുള്ള ഓർഡർ എത്തും. പ്രതിദിനം 12000 കാര്‍ഡുകള്‍ അച്ചടിക്കാനുള്ള സംവിധാനമാണ് ഐടിഐ തേവര യൂണിറ്റിനുള്ളത്. പോസ്റ്റ്‌ ഓഫീസില്‍ എത്തിയാല്‍ സ്പീഡ് പോസ്റ്റ്‌ വഴിയാണ് ഉടമകള്‍ക്ക് എത്തിക്കുന്നത്. സംവിധാനം താളം തെറ്റിയതോടെ ജോലിക്കും മറ്റുമായി ലൈസൻസിന് അപേക്ഷിച്ചവരും ലൈസൻസ് പുതുക്കാനുള്ളവരും ത്രിശങ്കുവിലാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top