ധനമന്ത്രി നടപ്പിലാക്കുന്നത് ‘പ്ലാന്‍ ബി’യോ; സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് ഫണ്ടില്ല; കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടലും

കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായാണ് അധ്യാപകര്‍ അടക്കമുള്ള താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത്. 120 ജീവനക്കാരോടാണ് ഇന്ന് മുതല്‍ ജോലിക്ക് വരേണ്ടെന്ന് നിര്‍ദേശം നല്‍കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഈ തീരുമാനം എന്നാണ് വിശദീകരണം. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതോടെ കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനം തന്നെ സ്തംഭിക്കുന്ന അവസ്ഥയാണ്.
പദ്ധതിയേതര വിഹിതത്തില്‍ നിന്ന് ലഭിക്കേണ്ട തുക കലാമണ്ഡലത്തിന് സര്‍ക്കാര്‍ നല്‍കുന്നില്ല. ഇതോടെയാണ് കടുത്ത നടപടികള്‍ക്ക് സ്ഥാപനം നിര്‍ബന്ധിതമായത്. ചിലവുകള്‍ക്ക് ശമ്പളമടക്കം പ്രതിമാസം എണ്‍പത് ലക്ഷം രൂപ വേണ്ടിടത്ത് സര്‍ക്കാര്‍ നല്‍കുന്നത് അമ്പത് ലക്ഷം മാത്രമാണ്. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. കളരികളില്‍ താല്‍ക്കാലിക ജീവനക്കാരാണ് ജോലി ചെയ്യുന്നത്. എട്ടുമുതല്‍ എംഎ വരെയുള്ള പഠനം നടക്കുന്ന സ്ഥാപനം കൂടിയാണിത്. അതുകൊണ്ട് തന്നെ പിരിച്ചുവിടല്‍ കലാമണ്ഡലത്തിന് വന്‍തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്.
സര്‍ക്കാര്‍ സഹായധനത്തോടെ (ഗ്രാന്റ് ഇന്‍ എയ്ഡ്) പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ശമ്പളവും പെന്‍ഷനും മറ്റുചെലവുകളും സര്‍ക്കാരിന്റെ ബാധ്യതയല്ലെന്ന് ചൂണ്ടിക്കാട്ടി ഈയിടെയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. സ്ഥാപനങ്ങള്‍ സ്വന്തം വരുമാനത്തില്‍നിന്ന് തുക കണ്ടെത്തണം എന്നാണ് നിര്‍ദേശം. ഉത്തരവ് ഇറങ്ങിയതോടെ തന്നെ സാഹിത്യ അക്കാദമിയില്‍ ശമ്പളം വൈകി. അക്കാദമി അവാര്‍ഡുകളുടെ തുക കടം പറയേണ്ട അവസ്ഥയും വന്നു.
വിവിധ അക്കാദമികളുടെ തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റി സര്‍ക്കാര്‍ സ്വന്തമാക്കിയ ശേഷമാണ് സര്‍ക്കാര്‍ സഹായവും വെട്ടിക്കുറച്ച് കൊടുംചതി സാംസ്കാരിക സ്ഥാപനങ്ങളോട് കാട്ടുന്നത്. കേന്ദ്രസഹായത്തില്‍ വെട്ടിക്കുറക്കല്‍ വന്നതോടെയാണ് പ്ലാന്‍ ബി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റില്‍ വ്യക്തമാക്കിയത്. എന്നാല്‍ എന്താണ് പ്ലാന്‍ ബി എന്ന് ബാലഗോപാല്‍ ബജറ്റ് അവതരണത്തിന് ശേഷവും വ്യക്തമാക്കിയില്ല. കേന്ദ്രവും സംസ്ഥാനത്തോട് എന്താണ് പ്ലാന്‍ ബി എന്ന് ആരാഞ്ഞിരുന്നു. ആ പ്ലാന്‍ ബി ആണോ ബാലഗോപാല്‍ നടപ്പിലാക്കുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here