ഖജനാവിൽ കാശില്ലെങ്കിലും സ്മൃതി നിർമ്മാണങ്ങൾ മുന്നോട്ട്; ഇഎംഎസ് ഓർമ്മയ്ക്കായി വീണ്ടും പണം അനുവദിച്ച് സർക്കാർ

ക്ഷേമ പെൻഷനുകളും ആശാ വർക്കർമാരുടെ വേതന കുടിശ്ശികകളും കൊടുക്കാൻ കാശില്ലെന്ന് വിലപിക്കുന്ന സർക്കാരിന് പ്രതിമ നിർമ്മിക്കാനും, സ്മൃതി മണ്ഡപങ്ങൾ കെട്ടാനും കാശിന് പഞ്ഞമില്ല. ആദ്യ മുഖ്യമന്ത്രിയുടെ പേരിൽ നിയമസഭാ മന്ദിരത്തിൽ തുടങ്ങിവച്ച സ്മൃതി പദ്ധതിക്ക് 45 ലക്ഷം കൂടി അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉത്തരവിട്ടു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് അധിക ഫണ്ട് അനുവദിച്ചിരിക്കുന്നത്. തുക ആവശ്യപ്പെട്ട് സ്പീക്കർ എ.എൻ. ഷംസീർ ധനമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

നിയമസഭയുടെ പഠന ഗവേഷണ മ്യൂസിയത്തിനുള്ള ചിലവിൻ്റെ കണക്കിൽപെടുത്തിയാണ് 45 ലക്ഷം രൂപ പുതുതായി അനുവദിച്ചിരിക്കുന്നത്. 82 ലക്ഷം രൂപയാണ് ഈ കണക്കിലെ ബജറ്റ് വിഹിതം. 2019ലാണ് സ്മൃതി മണ്ഡപം നിർമ്മിക്കാൻ തീരുമാനിച്ചത്. ഇപ്പോഴത്തെ കണക്കിൽ ഒരു കോടിയെങ്കിലും ചിലവാകും എന്നാണ് സൂചന.
ശരത് ചന്ദ്രൻ എന്ന വ്യക്തിക്കാണ് സ്മൃതി മണ്ഡപം നിർമ്മിക്കാനുള്ള ചുമതല ആദ്യം നല്കിയത്. ഈ രംഗത്ത് ഇദ്ദേഹത്തിനുള്ള പരിചയസമ്പത്ത് എന്താണെന്ന് പോലും വ്യക്തമാക്കാതെയാണ് 14/3/ 2019ൽ നിയമസഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കിയത്. പാർട്ടി ചാനലിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹമെന്ന് വാർത്ത പുറത്തു വന്നതോടെ ഒഴിവാക്കി. ഇ എം എസിൻ്റെ പേരിൽ തട്ടിക്കൂട്ട് പദ്ധതി നടത്തി കാശടിക്കാനുള്ള സംരഭമാണെന്ന പ്രതീതി വന്നതോടെ അന്ന് സ്മൃതി നിർമ്മാണം സർക്കാർ ഉപേക്ഷിച്ചു.

എഴുലക്ഷം രൂപ മുടക്കി നിർമ്മിച്ച കുട്ടികളുടെ ലൈബ്രറി പൊളിച്ചു മാറ്റിയാണ് ഇഎംഎസ് സ്മൃതി നിർമ്മിക്കാൻ തീരുമാനിച്ചത്. അന്ന് ഉപേക്ഷിച്ച തീരുമാനം എത്രയും വേഗം നടപ്പിലാക്കാൻ പാർട്ടി സ്പീക്കർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് സൂചന. ഇതാണ് തുക ആവശ്യപ്പെട്ട് സ്പീക്കർ സർക്കാരിന് കത്ത് നൽകിയതും മറ്റ് ബുദ്ധിമുട്ടെല്ലാം മറന്ന് സർക്കാർ തുക അനുവദിക്കാൻ കാരണമായതും.
ഭരണത്തിന്റെ കാലാവധി തീരാൻ 15 മാസം മാത്രം ആണ് അവശേഷിക്കുമ്പോഴാണ് സ്മൃതി മണ്ഡപത്തിന് ജീവൻ വയ്പിക്കാനുള്ള പുതിയ നീക്കം. സാമ്പത്തിക പരാധീനതയുടെ പേരിൽ ന്യൂനപക്ഷ- ദലിത് വിദ്യാർത്ഥികളുടേയും സ്കോളർഷിപ്പും മറ്റ് ആനുകൂല്യങ്ങളും നല്കാൻ പണമില്ലെന്ന് പറഞ്ഞിരിക്കുമ്പോഴാണ് ഇത്തരം സ്മൃതി നിർമ്മാണങ്ങൾ തകൃതിയായി നടക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here