തട്ടിപ്പ് ലോണിന് പിന്നില്‍ “പാർട്ടിക്കാരായ ജീവനക്കാർ”; വെളിപ്പെടുത്തലുമായി മുൻ ഭരണ സമിതി അംഗം

കരുവന്നൂർ ബാങ്കിൽ ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയത് പാർട്ടിക്കാരായ ജീവനക്കാരായിരുന്നെന്ന് മുൻ ഭരണസമിതിയംഗംത്തിൻ്റെ വെളിപ്പെടുത്തൽ. 2006-16 കാലത്ത് ഭരണ സമിതി അംഗമായ ഇസി ആൻ്റോയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ബാങ്ക് സെക്രട്ടറി സുനിൽകുമാർ സിപിഎം ഏരിയകമ്മിറ്റിയംഗവും ലോക്കൽ സെക്രട്ടറിയുമാണ്. ബിജുകരീമും ജിൽസും ബിജോയിയും കിരണും പാർട്ടിക്കാരാണ്. പാർട്ടിക്കാരായ ഇത്തരം ജീവനക്കാരാണ് ബാങ്ക് ഭരിച്ചിരുന്നത്. കടക്കെണിയിലാക്കിയത് ഇവരുടെ ‘തട്ടിപ്പ് ലോൺ’ കൊടുക്കലും മറ്റുമാണെന്നും ആന്‍റോ പറഞ്ഞു.

ബാങ്കിൽനിന്ന് പതിനെട്ട് കോടി രൂപയോളം തട്ടിയെടുത്ത് മുങ്ങിയയാളെ സിപിഎം സംരക്ഷിക്കുന്നെന്ന് ഇഡി പറയുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ അനിലിന് മറുപടിയുമായിട്ടാണ് ആൻ്റോ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. തനിക്ക് ബാങ്കിൽനിന്ന് വായ്പ കിട്ടാൻ സഹായിച്ചത് ഭരണസമിതി അംഗമായിരുന്ന ആന്‍റോ ആയിരുന്നെന്ന് അനിൽ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അനിൽകുമാറിനെ സഹായിച്ചത് മാനേജർ ബിജു കരീമും സെക്രട്ടറി സുനിൽകുമാറുമാണ്. ഈട് നൽകാൻ മൂല്യമുള്ള വസ്തുവുണ്ടെങ്കിൽ വായ്പ ലഭിക്കുമെന്ന് പറഞ്ഞതാണ് തന്‍റെ സഹായമെന്നും ആൻ്റോ പറഞ്ഞു. ഒരിക്കൽ ഭരണസമിതി യോഗത്തിൽ സെക്രട്ടറി സുനിൽകുമാർ ബാങ്കിൽ വൻതോതിൽ ഫണ്ട് കെട്ടിക്കിടക്കുന്നെന്നും വായ്പ നൽകാൻ പറ്റിയ ആളുകളെ കണ്ടെത്തണമെന്നും പറഞ്ഞിരുന്നു. തനിക്ക് പെയിറ്റിംഗ് ജോലിയാണ്. ജ്വല്ലറിയും മറ്റ് വ്യവസായങ്ങളുമുള്ള ചേർപ്പ് പാലക്കൽ സ്വദേശി രാജീവ് അഡോളി താനുമായുള്ള പരിചയത്തിൽ വായ്പക്ക് സമീപിച്ചിരുന്നു. ഈട് വസ്തുക്കളുടെ പ്രമാണങ്ങളുമായി ബാങ്കിൽ സെക്രട്ടറിയെ കാണാനും പരിശോധിച്ച് കഴിയുന്ന സഹായം ചെയ്യുമെന്നും താൻ അറിയിച്ചിരുന്നു. രാജീവാണ് അനിലിന് വായ്പ വേണമെന്ന ആവശ്യം തന്നെ അറിയിച്ചത്. തന്നെ നേരിൽ കണ്ട അനിലിനോടും വസ്തുക്കളുടെ പ്രമാണവും രേഖകളുമായി സെക്രട്ടറിയെ കാണാനാണ് പറഞ്ഞത് എന്നും ആൻ്റോ വ്യക്തമാക്കി.

രാജീവ് നിർദേശിച്ച അഞ്ച് പേർക്കും ബാങ്ക് വായ്പ അനുവദിച്ചിരുന്നു. ഇവരെല്ലാം കൃത്യമായും അടച്ച് പോകുന്നവരുമാണ്. താൻ ഭരണസമിതി അംഗമായിരിക്കെ അനിൽകുമാർ വായ്പയെടുത്തിട്ടുണ്ടാവുക രണ്ട് കോടിയോളം രൂപ മാത്രമാണ്. കുറച്ച് കാലം കൃത്യമായി അടച്ചിരുന്നു. പിന്നീടാണ് വീഴ്ച വന്ന് വലിയ തുകയായത്. പരമാവധി അഞ്ച് ചിട്ടിയാണ് ഒരാൾക്ക് അനുവദിക്കുക. അനിൽകുമാറിന് 100 എണ്ണത്തിന്‍റെ ഒരു ലോട്ട് അനുവദിച്ചത് നിയമവിരുദ്ധമാണ്. ഇതൊന്നും തങ്ങളുടെ കാലത്തല്ല എന്നും ആൻ്റോ പറഞ്ഞു.

രേഖകളുടെ പരിശോധനയും മൂല്യം കണക്കാക്കി അനുവദിക്കാവുന്നതുമെല്ലാം ഉദ്യോഗസ്ഥരാണ്. അപേക്ഷകളിൽ വായ്പ അനുവദിക്കുന്നത് മാത്രമാണ് ഭരണസമിതി യോഗത്തിൽ വരിക. അഞ്ച് ലക്ഷം രൂപ വരെയുള്ളതിന്‍റെ സ്ഥലവും വസ്തുക്കളുമാണ് ഭരണസമിതി അംഗങ്ങൾ പരിശോധിക്കുക. അതിന് മുകളിലുള്ള വായ്പകളുടെ ഈട് വസ്തുക്കളുടെ പരിശോധന നടത്തുന്നത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും സെക്രട്ടറിയും അടക്കമാണ്. അതിൽ തങ്ങൾക്ക് അറിവില്ല. രേഖകൾ പരിശോധിക്കുന്നത് ജീവനക്കാരാണ്. നിയമവിരുദ്ധവും വഴിവിട്ടതുമായ കാര്യങ്ങൾ ചെയ്തത് ബിജുകരീമും ജിൽസും ബിജോയിയും കിരണുമാണ്. സെക്രട്ടറി സുനിൽകുമാർ ഇവർ പറയുന്നതിന് ഒപ്പിട്ട് കൊടുക്കുന്ന ആളാണെന്നാണ് താൻ മനസ്സിലാക്കിയത്. അയാൾ അങ്ങനെയൊന്നും സമ്പാദിച്ചതായി അറിവില്ല എന്നും ആൻ്റോ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top