ടൂർ കമ്പനിയ്ക്ക് പിഴയടിച്ച് ഉപഭോക്തൃ കോടതി; നടപടി കോവിഡ് മൂലം റദ്ദാക്കിയ യാത്രയുടെ തുക തിരികെ നൽകാത്തതിൽ

കൊച്ചി: വിദേശ ടൂർ റദ്ദാക്കിയിട്ടും ബുക്കിങ് തുക തിരികെ നൽകാത്ത ടൂർ ഓപ്പറേറ്റർ കമ്പനി ഫോർച്യൂൺ ഡെസ്റ്റിനേഷൻ മാനേജ്മെന്റിന് പിഴയടിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി. കോവിഡ്ക്കാലത്തെ ലോക്ക്ഡൗൺ കാരണം മുടങ്ങിയ വിദേശയാത്രക്കായി ഈടാക്കിയ തുക തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ സ്വദേശി കെ.കെ ഗോകുലനാഥൻ നൽകിയ പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ നടപടി. നഷ്ടപരിഹാരമായി 71,000 രൂപ നൽകാനാണ് ഉത്തരവ്.

2020 ഫെബ്രുവരിയിലാണ് ഗോകുലനാഥനും ഭാര്യയും സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കുള്ള ടൂർ ബുക്ക് ചെയ്തത്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ യാത്ര വേണ്ടന്ന് വയ്ക്കുകയായിരുന്നു. എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും ബുക്കിങ് തുക തിരിച്ചു നൽകാൻ ടൂർ ഓപ്പറേറ്റർ തയ്യാറാകാത്തതിനാലാണ് കോടതിയെ സമീപിച്ചത്. മറ്റുള്ളവർ ടൂർ വിജയകരമായി പൂർത്തിയാക്കിയെന്നും കൃത്യമായ കാരണമില്ലാതെയാണ് പരാതിക്കാർ യാത്ര റദ്ദാക്കിയതെന്നുമുള്ള കമ്പനിയുടെ വാദം കോടതി തള്ളി. 2020 നവംബറിൽ കേന്ദ്ര സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം കോവിഡ്ക്കാലത്ത് ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത് പാലിക്കാൻ കമ്പനിക്ക് ബാധ്യതയുണ്ടെന്ന് കോടതി ഉത്തരവിൽ വിലയിരുത്തി.

ബുക്കിങ് തുകയായ 46,200 രൂപയും 20,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചിലവും ഒരു മാസത്തിനുള്ളിൽ ഉപഭോക്താവിന് നൽകണമെന്നാണ് ഡി.ബി. ബിനു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. 30 ദിവസത്തിനകം ഈ തുക നൽകിയില്ലെങ്കിൽ പരാതി നൽകിയ ദിവസം മുതലുള്ള കാലയളവ് കണക്കാക്കി ഒൻപത് ശതമാനം പലിശ സഹിതം തുക നൽകേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top