മീൻകുഞ്ഞുങ്ങളെ നൽകാതെ വഞ്ചിച്ചു; മേക്കര ഹാച്ചറിക്ക് പിഴയടിച്ച് ഉപഭോക്തൃ കോടതി

ഉറപ്പുനൽകി അഡ്വാൻസ് വാങ്ങിയ ശേഷം മീൻകുഞ്ഞുങ്ങളെ നൽകാതെ കർഷകനെ കബളിപ്പിച്ച കേസിൽ തൃശൂരിലെ മേക്കര ഹാച്ചറി 16,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. എറണാകുളം കിഴക്കമ്പലം സ്വദേശി എം വി ജോയ്, തൃശ്ശൂർ പട്ടിക്കാട് പ്രവർത്തിക്കുന്ന മേക്കര ഫിഷ് ഹാച്ചറിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഹാച്ചറിയിൽ നിന്ന് ആവശ്യപ്പെട്ടത് പ്രകാരം ആയിരം രൂപ അഡ്വാൻസായി നൽകി. മീൻകുഞ്ഞുങ്ങളെ ഇടുന്നതിനായി പരാതിക്കാരൻ തൊഴിലാളികളെ നിർത്തി കുളം വൃത്തിയാക്കി. എന്നാൽ കുഞ്ഞുങ്ങളെ എതിർകക്ഷി എത്തിച്ചില്ല. ഇതുമൂലം പരാതിക്കാരന് മീൻ കൃഷി ഉപേക്ഷിക്കേണ്ടിവന്നു. ഇക്കാര്യം കാണിച്ചാണ് ഉപഭോക്തൃ കോടതിയിൽ പരാതിയെത്തിയത്.
ഹാച്ചറിയുടെ നടപടി അധാർമികമായ വ്യാപാര രീതിയാണെന്ന് ഡി ബി ബിനു പ്രസിഡണ്ടും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. 10,000 രൂപ നഷ്ടപരിഹാരം നൽകുന്നതിന് പുറമെ, അഡ്വാൻസായി ഈടാക്കിയ 1000 രൂപ തിരിച്ചു നൽകുകയും, 5000 രൂപ കോടതി ചെലവിലേക്ക് ഒടുക്കുകയും വേണമെന്ന് കോടതി നിർദേശിച്ചു.
ഈ തുക 45 ദിവസത്തിനുള്ളിൽ പരാതിക്കാരന് നൽകണം. അല്ലാത്തപക്ഷം വൈകുന്ന ഓരോ ദിവസത്തിനും പലിശസഹിതം തുക ഒടുക്കണമെന്നും ഉത്തരവിലുണ്ട്. പരാതിക്കാരന് വേണ്ടി അഡ്വ. സുജ മാത്യു ഹാജരായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here