ശുദ്ധമായ കുടിവെള്ളം വാഗ്ദാനം ചെയ്തുപോലും തട്ടിപ്പ്!! 72,000 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി

രൂക്ഷമായ കുടിവെള്ളപ്രശ്നം കാരണം വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റ് സ്ഥാപിച്ചയാൾക്ക് അതിനുശേഷം കിട്ടിയത് പഴയതിലും മോശം വെള്ളം. വെള്ളത്തിന് രൂക്ഷ ദുർഗന്ധവും മഞ്ഞനിറവും പതിവായതോടെ കമ്പനിയിൽ പരാതിപ്പെട്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഇതോടെയാണ് പ്ലാൻ്റ് ഫിറ്റുചെയ്തുനൽകിയ കളമശ്ശേരിയിലെ ഡുഭെ റിചൂസ് (Dubhe Richus) എന്ന സ്ഥാപനത്തിനെതിരെ പെരുമ്പാവൂർ സ്വദേശി വൈശാഖ് റോമിയോ, എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ പരാതിയെത്തിയത്.
57,000/- രൂപയ്ക്കുള്ള വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് ആണ് സ്ഥാപിച്ചത്. ഒരു വർഷം ഗ്യാരന്റിയും അഞ്ചുവർഷം വാറന്റിയും വാഗ്ദാനം ചെയ്തു. എന്നാൽ വെള്ളത്തിൻ്റെ ശുദ്ധിയിൽ കാര്യമായ സംശയം തോന്നിയതോടെ വാട്ടർ അതോറിറ്റിയുടെ ലാബിൽ വെള്ളം പരിശോധിക്കാൻ നൽകി. ലഭിച്ച ഫലം ഞെട്ടിക്കുന്നതായിരുന്നു. കോളി ഫോം, ഇകോളി അടക്കം ബാക്റ്റീരിയകളുടെ സാന്നിധ്യം വെള്ളത്തിൽ നിറയെ ഉണ്ടെന്നും, ഒരുകാരണവശാലും കുടിക്കാൻ യോഗ്യമല്ല എന്നുമായിരുന്നു പരിശോധനാഫലം.
ഗുണനിലവാരമില്ലാത്ത വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് നൽകി എതിർകക്ഷി കബളിപ്പിക്കുകയായിരുന്നു എന്നാണ് പരാതിക്കാരൻ കോടതി മുമ്പാകെ ബോധിപ്പിച്ചത്. വാറന്റി നിബന്ധനകളും എതിർകക്ഷി ലംഘിച്ചു. ഈ സാഹചര്യത്തിൽ പ്ലാന്റിന്റെ വില മടക്കി നൽകണമെന്നും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് കോടതിയിൽ ഹാജരായി.
വാഗ്ദാനം ചെയ്തതിന് വിരുദ്ധമായി ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നമാണ് വിറ്റതെന്ന് കോടതി കണ്ടെത്തി. ഇത് ഉപഭോക്താവിന്റെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന അധാർമ്മിക വ്യാപാര രീതിയാണെന്ന് നിരീക്ഷിച്ചാണ് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ചിൻ്റെ വിധി. ഉൽപ്പനത്തിന്റെ വിലയായ 57,000 രൂപ എതിർകക്ഷി പരാതിക്കാരന് നൽകണം. കൂടാതെ 10,000 രൂപ നഷ്ടപരിഹാരമായും 5000 രൂപ കോടതി ചെലവായും നൽകാനാണ് ഉത്തരവ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here