സുരക്ഷയില്ലാത്ത ഗ്യാസ് സ്റ്റൗവിന് പിഴയടിച്ച് ഉപഭോക്തൃ കോടതി; ബിസ്മി അടക്കം എതിർകക്ഷികൾ 22,700 രൂപ നൽകണം

കൊച്ചി: ഒന്നരമാസം ഉപയോഗിച്ചിരുന്ന പാചകവാതകം 15 ദിവസം കൊണ്ട് കത്തിത്തീരുന്നു. കാരണം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് സ്റ്റൗവിൻ്റെ നിർമാണത്തിലെ ഗുരുതര പിഴവ്. എന്നാൽ റിയപ്പർ ചെയ്യുന്നതിന് മുൻകൂർ തുക നൽകണമെന്നാണ് കമ്പനി ആവശ്യപ്പെട്ടത്. ഇതോടെയാണ് നിർമ്മാണ തകരാർ ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ സ്വദേശി കെ ജെ വിജയകുമാർ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. സ്റ്റൗവിൻ്റെ വില്പനയ്ക്ക് മുൻപ് ഗുണനിലവാരമോ സുരക്ഷാ പരിശോധനയോ നടത്തിയിട്ടില്ലെന്ന ഗുരുതര ആരോപണവും പരാതിക്കാരൻ ഉന്നയിച്ചു. ഇതിലാണ് ഉപഭോക്തൃ കോടതിയുടെ നിർണായക ഉത്തരവ്.

സ്റ്റൗ നിർമിച്ച ഡൽഹിയിലെ സൺബ്ലേയ്സ്, വിതരണം ചെയ്ത റിയോ ഇന്റർനാഷണൽ ഇടപ്പള്ളി, വിൽപന നടത്തിയ ബിസ്മി ഹോം അപ്ലയൻസസ് എന്നിവർക്കെതിരെയാണ് പരാതി. 2019 മെയ് ഏഴിനാണ് 12700/- രൂപ നൽകി പരാതിക്കാരൻ ഗ്യാസ് സ്റ്റൗ വാങ്ങിയത്. മുൻപത്തേക്കാൾ വേഗത്തിൽ സിലിണ്ടർ കാലിയാകുന്നു എന്ന് ആദ്യം തന്നെ തിരിച്ചറിഞ്ഞു. ടെക്നീഷ്യൻ പരിശോധിച്ച് ബർണറിന്റെ തകരാറ് കണ്ടെത്തിയെങ്കിലും മാറ്റിനൽകാൻ അവർ തയ്യാറായില്ല. മാത്രമല്ല റിപ്പയർ ചെയ്തതിന് 5,500 /- രൂപ മുൻകൂർ നൽകണമെന്നും ആവശ്യപ്പെട്ടു.

ഇതോടെയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. റിപ്പയർ ചെയ്തു നൽകാനോ, പകരം സ്റ്റൗ നൽകാനോ തയ്യാറാകാത്തത് എതിർകക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന് പരാതിക്കാരൻ ഉന്നയിച്ചു. എന്നാൽ ഉൽപ്പന്നത്തിന്റെ വാറണ്ടി കഴിഞ്ഞാണ് തകരാർ സംഭവിച്ചതെന്നും, അതിനാൽ സൗജന്യമായി നൽകാൻ കഴിയില്ലെന്നും, പരാതി തള്ളിക്കളയണമെന്നും എതിർകക്ഷി കോടതി മുമ്പാകെ ബോധിപ്പിച്ചു.

തകരാറുള്ള സ്റ്റൗ ഉപയോഗിച്ച് പാചകം ചെയ്തത് കുടുംബത്തിൻ്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം ഉൽപ്പന്നങ്ങൾക്ക് സുരക്ഷയും ഗുണമേന്മയും ഉറപ്പുവരുത്തുക എന്നത് നിർമ്മാതാക്കളുടെ നിയമപരമായ കർത്തവ്യമാണ്. വിതരണക്കാരനും വില്പനക്കാരനും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. ഉൽപ്പന്നം കമ്പോളത്തിൽ ഇറങ്ങുന്നതിന് മുമ്പ് തന്നെ വ്യാപാരികൾ പുലർത്തേണ്ട ഉത്തരവാദിത്വവും ജാഗ്രതയും അടിവരയിടുന്നത് കൂടിയാണ് ഈ പരാതി എന്ന് ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇത്തരം വീഴ്ചകളുടെ അടിസ്ഥാനത്തിൽ ഉത്പന്നത്തിന്റെ വിലയായ 12,700/- രൂപയും, നഷ്ടപരിഹാരമായി 5,000/- രൂപയും, കോടതി ചെലവായി 5000 രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകാനാണ് ഉത്തരവ്. വീഴ്ച വരുത്തിയാൽ ഒമ്പത് ശതമാനം പലിശ സഹിതം നൽകേണ്ടിവരും. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top