മാർട്ടിൻ ഒറ്റയ്ക്കല്ല എന്ന നിഗമനത്തിൽ എഫ്ഐആർ; പ്രതികൾക്കെതിരെ യുഎപിഎ ഉൾപ്പെടെ ഗുരുതര വകുപ്പുകൾ

കൊച്ചി: കളമശേരി സ്ഫോടനക്കേസിൽ ഒന്നിലധികം പ്രതികൾ ഉണ്ടായിരിക്കുമെന്ന നിഗമനത്തിൽ പോലീസ്. കളമശേരി പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ എന്നയാൾ കീഴടങ്ങിയിരുന്നു. ഇയാൾ ഒറ്റയ്ക്കാണ് സ്ഫോടനം നടത്തിയതെന്ന് പറയുന്നുണ്ടെങ്കിലും മാർട്ടിന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടാവാം എന്ന നിഗമനത്തിലാണ് പോലീസ് എഫ്ഐആറിൽ പ്രതികൾ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം.

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ സ്ഫോടനമെന്ന് എഫ്ഐആർ ഉളളടക്കത്തിൽ പറയുന്നു. ജനങ്ങളെ കൊലപ്പെടുത്തുകയും പരുക്കേൽപ്പിക്കുകയും ആയിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കളമശേരി പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 2421/23 ആയി രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ വ്യക്തമാക്കുന്നു.

ഇന്ന് കീഴടങ്ങിയ പ്രതി ഡൊമിനിക് മാർട്ടിനും പ്രതികൾക്കുമെതിരെ യുഎപിഎ അടക്കം ഗുരുതര വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ഇത് കൂടാതെ കൊലപാതകം, കരുതിക്കൂട്ടിയുള്ള വധശ്രമം, സ്ഫോടക വസ്തു നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഐപിസി സെക്ഷൻ 302 307, സ്ഫോടക വസ്തു നിരോധന നിയമം 3എ, യുഎപിഎ 16(1)എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

ഇന്ന് രാവിലെ 9:35 നാണ് കളമശേരി യഹോവ സാക്ഷി സമ്മേളന ഹാളിൽ സ്ഫോടനം നടക്കുന്നത്. സംഭവത്തിൽ രണ്ട് സ്ത്രീകൾ മരണപ്പെട്ട 17 പേർക്ക് പരിക്കേറ്റു. പൊള്ളലേറ്റ് 51 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയോടെ തൃശൂർ കൊടകര പോലീസ് സ്റ്റേഷനിൽ തമ്മനം സ്വദേശി ഡോമിനിക് മാർട്ടിൻ എന്നയാൾ കീഴടിങ്ങിയിരുന്നു. ഇയാൾ തന്നെയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റാർക്കെങ്കിലും കേസുമായി ബന്ധമുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.

ഡൊമിനിക് പ്രാർത്ഥനാ ഹാളിലെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും പോലീസിന് ലഭിച്ചു. ഇന്‍റര്‍നെറ്റ് വഴിയാണ് ഇയാള്‍ ഐഇഡി സ്ഫോടനത്തെപ്പറ്റി മനസിലാക്കിയത്. കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top