തലസ്ഥാനത്ത് പിടിയിലായ ഐഎസ് പ്രതി സിദ്ദിഖ് ബാഷയുടെ FIR വിവരങ്ങൾ പുറത്ത്; കസ്റ്റഡിയിലായത് സ്റ്റേഷന് വിളിപ്പാടകലെ; കാറിൽ പോലീസ് സ്റ്റിക്കർ പതിച്ചതിൻ്റെ ഉദ്ദേശ്യം വ്യക്തമായില്ല

തിരുവനന്തപുരം: തീവ്ര ഐഎസ് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ ആരോപിച്ച തമിഴ്നാട്ടുകാരൻ സാദിഖ് ബാഷ തിരുവനന്തപുരത്ത് പിടിയിലായത് പോലീസ് സ്റ്റേഷന് വിളിപ്പാടകലെ നിന്ന്. പോലീസ് സ്റ്റിക്കർ പതിപ്പിച്ച ഇയാളുടെ കാർ കണ്ടെത്തിയതും ഇവിടെ നിന്ന് തന്നെ. സംഘത്തിൽ നാലു പേരാണ് ഉണ്ടായിരുന്നത്. പോലീസ് ചുമത്തിയ പ്രാഥമിക എഫ്ഐആറിലാണ് ഈ വിവരങ്ങളുളളത്. ഗുരുതര സ്വഭാവമുള്ള വകുപ്പുകളൊന്നും ആദ്യ എഫ്ഐആറില്‍ ഉണ്ടായിരുന്നില്ല. ഐപിസിയിലെ 417ഉം 34ഉം വകുപ്പുകളും കെപി ആക്ടിലെ 117സിയുമാണ് ചുമത്തിയത്.

ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ വൈകിട്ട് അഞ്ചരയ്ക്കായിരുന്നു കേസിന് ആധാരമായ സംഭവം എന്നും എഫ്ഐആറില്‍ വ്യക്തമാണ്. സ്വമേധയായാണ് പോലീസ് കേസെടുത്തത്. 40 വയസ്സുള്ള സാദിഖ് ബാഷയും 38 വയസ്സുള്ള നൂറുള്‍ ഹാലിഖും 32 വയസ്സ് പ്രായമുള്ള നാസറും 40 വയസ്സുള്ള ഷാഹുല്‍ ഹമീദുമാണ് കേസിലെ പ്രതികള്‍. നാലു പേരും തമിഴ്‌നാട് സ്വദേശികളാണ്. ആള്‍മാറാട്ടം നടത്തി ചതിക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി വട്ടിയൂര്‍കാവ് ജമാഅത്ത് പരിസരത്ത് പോലീസ് എന്ന സ്റ്റിക്കര്‍ ഒച്ചിച്ച് ഇവര്‍ എത്തിയെന്നാണ് കുറ്റാരോപണം.

ജമാത്ത് കമ്മറ്റി ഓഫീസിന് സമീപം നാലു പേരെത്തി പോലീസ് ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ പെരുമാറുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവ് പോലീസ് സ്ഥലത്ത് എത്തിയത്. ഈ സമയം ടിഎന്‍ 01 എഎസ് 9282 എന്ന വാഹനം പോലീസ് സ്റ്റിക്കര്‍ ഒട്ടിച്ച് കിടക്കുന്നത് കണ്ടു. പോലീസുകാരാണെന്ന് പറഞ്ഞവരോട് ഐഡന്റിറ്റി കാര്‍ഡ് ചോദിച്ചതോടെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ഇതോടെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയെന്നും പോലീസ് വിശദീകരിക്കുന്നു.

ഐഎസ് ബന്ധം ആരോപിച്ചു എന്‍ഐഎ അറസ്റ്റ് ചെയ്ത് 24 മാസം ജയിലില്‍ കഴിഞ്ഞയാളാണ് പിടിയിലായ മയിലാടുതുറൈ സ്വദേശി സാദിഖ് ബാഷ. സാദിഖ് ബാഷയുടെ ഭാര്യ തിരുവനന്തപുരം സ്വദേശിയാണ്. ഇരുവരും തമ്മില്‍ വിവാഹമോചനത്തിനായി പള്ളി വഴി നീങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പള്ളിയില്‍ എത്തിയ സാദിഖ് അവിടെ വച്ച് പ്രശ്‌നം ഉണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. ഇത് അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു പോലീസ് സ്റ്റിക്കര്‍ പതിച്ച കാര്‍ ശ്രദ്ധയില്‍പെട്ടത്.

2022 ഫെബ്രുവരിയില്‍ പൊലീസിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മയിലാടുംതുറൈക്ക് അടുത്തുള്ള നിഡൂരില്‍വച്ചു സാദിഖ് ബാഷ, മുഹമ്മദ് ആഷിഖ്, ജഗബര്‍ അലി, റഹ്‌മത്ത്, കാരയ്ക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. ഐഎസിനു വേണ്ടി ധനസമാഹരണം നടത്തിയെന്ന കേസില്‍ പിന്നീട് എന്‍ഐഎ ഇവരെ പിടികൂടി. സാദിഖ് ബാഷ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നെന്നും ഐഎസിനു വേണ്ടി പ്രചാരണം നടത്തുന്നുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

തുടര്‍ന്നു 2022 സെപ്റ്റംബറില്‍ സാദിഖ് ബാഷയുടെ ഭാര്യയുടെ തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. 24 മാസം ജയിലില്‍ കഴിഞ്ഞ് പുറത്തിറങ്ങിയ സാദിഖ് തുടർന്നും കർശന നിരീക്ഷണത്തിൽ ആകേണ്ടതാണ്. എന്നാൽ പോലീസ് സ്റ്റിക്കർ പതിച്ച കാറിൽ ഇയാൾ സംഘം ചേർന്ന് സംസ്ഥാനാന്തര യാത്രകൾ നടത്തിയിട്ടും കണ്ടെത്താൻ കഴിയാത്തത് ഗുരുതര വീഴ്ചയായും വിലയിരുത്തപ്പെടുന്നുണ്ട്. ഇങ്ങനെ സ്റ്റിക്കർ പതിച്ച് ആൾമാറാട്ടം നടത്തിയതിൻ്റെ കൃത്യമായ ഉദ്ദേശ്യം ഇനിയും വ്യക്തമായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top