എഫ്ഐആർ റദ്ദാക്കണം; ഇഡിയുടെ ആരോപണം പകർത്തിയെന്നും ന്യൂസ്‌ ക്ലിക്കിന്റെ ഹർജി

ന്യൂഡൽഹി: യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥയും എച്ച്ആർ മേധാവി അമിത് ചക്രവർത്തിയും ഡൽഹി ഹൈക്കോടിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കബിൽ സിബലാണ് ഇരുവർക്കുമായി ഹർജി സമർപ്പിച്ചത്. തികച്ചും നിയമവിരുദ്ധമായി രജിസ്റ്റർ ചെയ്ത കേസാണ് എന്നാണ് ഹർജിയിൽ പറയുന്നത്. ചൈനീസ് അനുകൂല പ്രചാരണത്തിന് പണം കൈപ്പറ്റി എന്ന ഇ.ഡിയുടെ ആരോപണം അതേപടി പകർത്തുകയാണ് ഡൽഹി ചെയ്തതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജന്ന് തന്നെ ഹർജി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസും ജസ്റ്റിസ് സഞ്ജീവ് നരുലയും അടങ്ങുന്ന ബെഞ്ചിനോട് ഹർജിയിൽ ആവശ്യപ്പെട്ടു.

അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് ഓഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലായിരുന്നു ഓൺലൈൻ ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്കിന് ലഭിക്കുന്ന വിദേശ ഫണ്ടിംഗിനെപ്പറ്റിയുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നത്. ഈ വാർത്തയെ തുടർന്നാണ് ചെവ്വാഴ്ച ഡൽഹി പോലീസ് ന്യൂസ് ക്ലിക്കിൻ്റെ ഓഫീസിൽ പരിശോധന നടത്തുകയും എഡിറ്റർ ഇൻ ചീഫിനെയും എച്ച്ആർ മേധാവിയെയും ഡൽഹി പോലീസിൻ്റെ പ്രത്യേക സംഘം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്.

തുടർന്ന് ന്യൂസ്‌ക്ലിക്ക് ഓഫീസ് പൂട്ടി മുദ്രവെക്കുകയും കംപ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു. യുഎപിഎയുടെ 13 (നിയമവിരുദ്ധ പ്രവർത്തനങ്ങൾ), 16 (ഭീകരപ്രവർത്തനം), 17 (ഭീകരപ്രവർത്തനത്തിനായി ധനശേഖരണം), 18 (ഗൂഢാലോചന), 22 സി (കമ്പനികൾ ചെയ്യുന്ന കുറ്റങ്ങൾ) എന്നീ വകുപ്പുകളും ഐപിസി 153 എ, 120 ബി വകുപ്പുകളുമാണ്‌ ന്യൂസ്‌ക്ലിക്കിനെതിരെ ഡൽഹി പോലീസ് ചുമത്തിയിരിക്കുന്നത്‌. നിലവില്‍ ഡല്‍ഹി പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പ്രബീർ പുർകായസ്ഥയും എച്ച്ആർ മേധാവി അമിത് ചക്രവർത്തിയും റിമാൻഡിലാണ്.

ചൈനയ്ക്ക് അനുകൂലമായി വാര്‍ത്തകള്‍ നല്‍കുന്നതിനായി അമേരിക്കന്‍ കോടീശ്വരനായ നെവില്‍ റോയ് സിംഘത്തില്‍നിന്ന് പണം കൈപ്പറ്റി എന്നതാണ് ഓൺലെൻ ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്കിനെതിരായി ഉയര്‍ന്നിരിക്കുന്ന ആരോപണം. നെവില്‍ റോയ് സിംഘം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായി ലോകമെമ്പാടും ആശയപ്രചാരണത്തിന് പണം മുടക്കുന്ന ആളാണെന്നും ഇയാളില്‍നിന്നുള്ള പണം ന്യൂസ് ക്ലിക്ക് മുഖേന ഇന്ത്യയിലെ നിരവധി രാഷ്ട്രീയക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭിച്ചിട്ടുണ്ടെന്നും ആരോപിച്ച് ന്യൂസ്ക്ലിക്കിനെതിരെ ഇ.ഡി അന്വേഷണവും നടക്കുന്നുണ്ട്.

അതേസമയം, മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്‌ജോയ്‌ ഗുഹ താക്കൂർത്ത, അഭിസാർ ശർമ എന്നിവരും അറസ്റ്റ്‌ ചെയ്യപ്പെട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്. ഇരുവർക്കും ചോദ്യംചെയ്യലിന്‌ ഹാജരാകാൻ ഡൽഹി പോലീസ്‌ വീണ്ടും സമൻസ്‌ നൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top