സുവര്‍ണ ക്ഷേത്രത്തില്‍ വെടിവയ്പ്പ്; പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ ബാദലിന്റെ അത്ഭുത രക്ഷപ്പെടല്‍
അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന് നേരെ സുവര്‍ണ ക്ഷേത്രത്തില്‍ വച്ച് വധശ്രമം. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിലെ പ്രധാന കവാടത്തിന് മുന്നില്‍ വച്ചാണ് ആക്രമണമുണ്ടായത്. സുഖ്ബീറിന് പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്.
സിഖ് സമുദായത്തിൻ്റെ മതകോടതിയായ അകാൽ തഖ്തിൻ്റെ ശിക്ഷ ഏറ്റുവാങ്ങി കൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. വെടിവച്ച നരേൻ സിംഗ് ചൗര എന്നയാളെ പിടികൂടിയിട്ടുണ്ട്. ഇയാൾക്ക് ഖലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് സൂചനകള്‍.
അമൃത്സറിലെ സുവർണ ക്ഷേത്രം ഉൾപ്പെടെയുള്ള വിവിധ ഗുരുദ്വാരകളിലെ അടുക്കളകളും കുളിമുറികളും വൃത്തിയാക്കാനുള്ള ശിക്ഷ സിഖുകാരുടെ പരമോന്നത സംഘടനയായ അകാൽ തഖ്ത് ബാദലിന് വിധിച്ചിരുന്നു. ഡിസംബർ മൂന്നിന് മുമ്പ് മതകോടതി വിധി അനുസരിക്കാനായിരുന്നു ഉത്തരവ്. സിഖ് വിശ്വാസത്തിൽ ‘തൻഖാ’ എന്ന് വിളിക്കപ്പെടുന്ന മതപരമായ ശിക്ഷയാണ് ബാദലിനും നേതാക്കൾക്കും നൽകിയിരുന്നത്.
രണ്ടുദിവസം കഴുത്തില്‍ പ്ലക്കാര്‍ഡ് ധരിച്ച്, കൈയില്‍ കുന്തം പിടിച്ച് ഗുരുദ്വാരക്ക് കാവല്‍ നില്‍ക്കണമെന്നതും ശിക്ഷാ നടപടികളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിൻ്റെ ഭാഗമായി സുവർണക്ഷേത്രത്തിന് കാവൽ നിൽക്കുമ്പോഴാണ് സുഖ്ബീർ ബാദലിന് നേരെ നരേൻ സിംഗ് ചൗര നിറയൊഴിച്ചത്. 2007 മുതൽ 2017 വരെ പഞ്ചാബിലെ അകാലിദൾ സർക്കാർ സിഖ് സമുദായത്തോട് ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയാണ് മതകോടതി നൽകിയിരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here