വെടിയൊച്ചകള്‍ മുഴങ്ങുന്ന സുവർണക്ഷേത്രം; ഇന്ദിരാഗാന്ധിയുടെ ജീവൻ നൽകേണ്ടി വന്ന ബ്ലൂ സ്റ്റാർ മുതൽ ബ്ലാക്ക് തണ്ടർ വരെ…

അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ വച്ച് നടന്ന വധശ്രമത്തിൽ നിന്നും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്ബീർ സിംഗ് ബാദൽ അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ്. നരേൻ സിംഗ് ചൗര എന്നയാളാണ് സിഖ് സമുദായത്തിൻ്റെ മതകോടതിയായ അകാൽ തഖ്ത്തിൻ്റെ ശിക്ഷ അനുസരിച്ച് ഗുരുദ്വാരക്ക് കാവൽ നിന്ന ബാദലിന് നേരെ വെടിയുതിർത്തത്. നരേൻ സിംഗിന് ഖലിസ്താൻ ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. നാല് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ആദ്യമായി സുവർണക്ഷേത്രത്തിനുള്ളിൽ വെടിയൊച്ച മുഴങ്ങുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടിയായിരുന്ന ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൻ്റെ ഭാഗമായിട്ടായിരുന്നു അത്.

ക്ഷേത്രത്തിൽ തമ്പടിച്ചിരുന്ന ഖലിസ്താൻ വിഘടനവാദ നേതാവ് ജർണെയിൽ സിംഗ്ഭിന്ദ്രൻവാലയെയും അനുയായികളെയും ഒഴിപ്പിക്കാൻ യുദ്ധസന്നാഹങ്ങളോടെ കയറിയാണ് സൈന്യം നേരിട്ടത്. നിർണായക നീക്കത്തിന് പിന്നീട് നൽകേണ്ടി വന്നത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവനായിരുന്നു. അതിന് പിന്നാലെ അരങ്ങേറിയ സിഖ് കൂട്ടക്കൊല രാജ്യചരിത്രത്തിന്‍റെ മറ്റൊരു ഇരുണ്ട അധ്യായമായി ഇന്നും നില നിൽക്കുന്നു. ഖലിസ്താൻ എന്ന പേരിൽ സിഖ് പരമാധികാരമുള്ള രാജ്യം വേണമെന്നായിരുന്നു ആവശ്യമാണ് ഒടുവിൽ സൈനിക നടപടികളിൽ അവസാനിച്ചത്. 1984 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ സുവർണക്ഷേത്രത്തിൽ ത്രിവർണ പതാകയ്ക്ക് പകരം ഖലിസ്താൻ പതാക ഉയർത്തിയതോടെയാണ് ഇടപെടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

Also Read: പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിക്ക് മതകോടതിയുടെ ടോയ്‌ലറ്റ് ക്ലീനിംഗ് ശിക്ഷ; അകാൽ തഖ്ത് നടപടി നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടർന്ന്

പ്രത്യേക രാജ്യം വേണമെന്നാവശ്യപ്പെട്ട് 1984 ജൂൺ മൂന്നിന് പ്രക്ഷോഭമാരംഭിക്കുമെന്ന പ്രഖ്യാപനം വന്നതോടെ കേന്ദ്രം കടുത്ത നടപടികളിലേക്ക് നീങ്ങി. അങ്ങനെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഉത്തരവിട്ടിരുന്നത്. 1984 ജൂൺ ഒന്നുമുതൽ 10 വരെ സൈനിക നടപടി നീണ്ടുനിന്നു. ഭിന്ദ്രൻവാലയെയും കൂട്ടാളികളെയും പുറത്താക്കാൻ ഓപ്പറേഷൻ മെറ്റൽ, പഞ്ചാബിലെങ്ങും ഭീകരവാദികളെ തുരത്താൻ ഓപ്പറേഷൻ ഷോപ്പ്, അതിർത്തികളിൽ വളഞ്ഞുള്ള ഓപ്പറേഷൻ വുഡ്‌റോസ് എന്നിവ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ ഭാഗമായിരുന്നു. ഓപ്പറേഷൻ മെറ്റലിൻ്റെ ഭാഗമായി സുവർണക്ഷേത്രത്തിൽ കയറിയ സൈന്യം ഭിന്ദ്രൻവാലയെയും കൂട്ടരെയും വധിച്ചു. ഔദ്യോഗിക രേഖകൾ പ്രകാരം ഓപ്പറേഷനിൽ 83 സൈനികർ കൊല്ലപ്പെട്ടു. ഖലിസ്താൻവാദികളും പൊതുജനങ്ങളുമടക്കം അഞ്ഞൂറിലേറെപ്പേർ മരിച്ചെന്നും സർക്കാർ കണക്കുകൾ പറയുന്നു.

ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് ശേഷം രണ്ട് വർഷങ്ങൾക്കിപ്പുറം വീണ്ടും സുവർണക്ഷേത്രം ഖാലിസ്താനികൾ കയ്യടക്കി. രാജ്യ വിരുദ്ധ ശക്തികളെ തുരത്താൻ ഒന്നാം ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ ഓപ്പറേഷന് 1980 ഏപ്രിൽ 30ന് പഞ്ചാബ് മുഖ്യമന്ത്രി സുർജേ സിംഗ് ബർണാവാല അനുമതി നൽകി. പഞ്ചാബ് ഡിജിപി ആയിരുന്ന കൻവർ പാൽ സിംഗ് ഗില്ലാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. പഞ്ചാബ് പോലീസിനൊപ്പം ഏകദേശം 300 നാഷണൽ സെക്യൂരിറ്റി ഗാർഡ് കമാൻഡോകളും 700 ബോർഡർ സെക്യൂരിറ്റി ഫോഴ്സ് സൈനികരും സുവർണക്ഷേത്രത്തിൽ കയറി. എട്ടു മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിൽ 200 തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ഒരാൾ കൊല്ലപ്പെട്ടുകയും ചെയ്തിരുന്നു. പിടികൂടിയവരെ പിന്നീട് തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.

Also Read: മതകോടതിയുടെ ടോയ്‌ലറ്റ് ക്ലീനിംഗ് ശിക്ഷ അനുസരിച്ച് പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി; കഴുത്തിൽ ഫലകവും കയ്യിൽ കുന്തവുമായി സുവർണ ക്ഷേത്രത്തിൽ

ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ രണ്ട് ആരംഭിച്ചത് 1988 മെയ് ഒമ്പതിനായിരുന്നു. ഇത് മെയ് 18 ന് തീവ്രവാദികളുടെ കീഴടങ്ങലോടെ അവസാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിലായിരുന്നു ഈ ഓപ്പറേഷൻ. പഞ്ചാബിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച ശേഷമായിരുന്നു ഈ നടപടി. ആദ്യം 70 സിആർപിഎഫ് സൈനികരെ മാത്രം പങ്കെടുപ്പിച്ച് തുടങ്ങിയ നീക്കത്തെ ശക്തമായി തീവ്രവാദികൾ പ്രതിരോധിച്ചു. മെയ് 11, 12 തീയ്യതികളില്‍ ബ്രിഗേഡിയർ സുശീൽ നന്ദയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലെ ആയിരത്തോളം കമാൻഡോകളെ വിമാനമാർഗം അമൃത്‌സറിൽ എത്തിച്ച് ഖാലിസ്താനികളെ കേന്ദ്ര സർക്കാർ നേരിട്ടു. 41 തീവ്രവാദികളെയാണ് സൈന്യം അന്ന് വധിച്ചത്. 200 ഓളം തീവ്രവാദികൾ കീഴടങ്ങി.

Also Read: മതകോടതിക്ക് മുട്ടുമടക്കിയവരിൽ രാഷ്ട്രപതി മുതൽ ആഭ്യന്തരമന്ത്രി വരെ; ചാട്ടവാറടി, കക്കൂസ് കഴുകല്‍; ഭിക്ഷയെടുക്കൽ… ശിക്ഷകൾ ഇങ്ങനെ

ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ പറ്റിയ പാളിച്ച സൈന്യം ബ്ലാക്ക് തണ്ടറില്‍ ആവർത്തിച്ചില്ല എന്നതും ശ്രദ്ധേയമായിരുന്നു. പൊതുജനങ്ങളെ ബാധിക്കാത്ത രീതിയിലായിരുന്നു ഓപ്പറേഷൻ. സുവർണക്ഷേത്രത്തിന് കേടുപാടുകൾ ഉണ്ടാക്കാത്ത തരത്തിലായിരുന്നു സൈനിക നീക്കം. പഞ്ചാബ് പോലീസ് ഡിജിപിയായിരുന്ന കൻവർ പാൽ സിംഗ് ഗില്ലാണ് ബ്ലാക്ക് തണ്ടർ രണ്ടിൻ്റെ ഗ്രൗണ്ട് ലെവൽ കമാൻഡ് ചെയ്തത്. സ്‌നൈപ്പർമാരെ ഉപയോഗിച്ചായിരുന്നു ഈ നീക്കം. ഇത് തെളിയിക്കാൻ പിറ്റേദിവസം ഒൻപത് മാധ്യമ പ്രവർത്തകരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിച്ചു. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ വളരെ മോശമായി നടപ്പിലാക്കിയെന്നും സിഖ് സമുദായത്തിന് അപകീർത്തി ഉണ്ടാക്കിയെന്നും പരക്കെ വിമർശനമുയർന്നത്തിനാൽ അതീവശ്രദ്ധയോടെയായിരുന്നു ബ്ലാക്ക് തണ്ടർ ഓപ്പറേഷനുകൾ നടപ്പാക്കിയത്.

Also Read: സുവര്‍ണ ക്ഷേത്രത്തില്‍ വെടിവയ്പ്പ്; പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ ബാദലിന്റെ അത്ഭുത രക്ഷപ്പെടല്‍

സിവിലിയൻമാരുടെ മരണവും സുവർണക്ഷേത്രത്തിൽ ഉണ്ടാക്കിയ നാശ നഷ്ടങ്ങളുമായിരുന്നു സിഖ് സമുദായത്തിനുള്ളില്‍ വിമര്‍ശനത്തിന് കാരണമായത്. ഇതുകൊണ്ടായിരുന്നു ഇന്ദിരാഗാന്ധിയെ സിഖ് വിഭാഗത്തിൽപ്പെട്ട അവരുടെ അംഗരക്ഷകർ വെടിവച്ച് കൊലപ്പെടുത്തിയത്. ഇത് പിന്നീട് 1984 ലെ സിഖ് കൂട്ടക്കൊലയില്‍ കലാശിച്ചതും മുന്നിൽക്കണ്ടായിരുന്നു കേന്ദ്ര സർക്കാർ സൂഷ്മതയോടെ ബ്ലാക്ക് തണ്ടർ ഓപ്പറേഷനുകള്‍ നടത്തിയത്. രണ്ടാം ബ്ലാക്ക് തണ്ടർ ഓപ്പറേഷന് ശേഷം സൈന്യം സുവർണക്ഷേത്രം സിഖ് സമുദായത്തിന് കൈമാറി. സൈനിക നീക്കം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷം 1988 മെയ് 23ന് വിശ്വാസികൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top