സല്‍മാന്‍ ഖാന്‍റെ വീടിനുനേരെ വെടിയുതിര്‍ത്ത കേസിലെ പ്രതി ജീവനൊടുക്കി; മരിച്ചത് മുഖ്യപ്രതികള്‍ക്ക് തോക്ക് കൈമാറിയ ആള്‍; ബിഷ്നോയി സംഘത്തിന്‍റെ കൂട്ടാളി
മുംബൈ: നടന്‍ സല്‍മാന്‍ ഖാന്‍റെ വീടിനുനേരെ വെടിവയ്പ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ ജീവനൊടുക്കി. മുഖ്യപ്രതികള്‍ക്ക് തോക്ക് നല്‍കിയ അനുജ് തപന്‍ (32) ആണ് മരിച്ചത്. പ്രതി കസ്റ്റഡിയിലിരിക്കെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്നും പോലീസ് പറഞ്ഞു.
അനുജ് തപന്‍ വഴിയാണ് കേസില്‍ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്നോയിക്കും സംഘത്തിനും ബന്ധമുണ്ടെന്ന നിര്‍ണ്ണായക വിവരം കണ്ടെത്തിയത്. ബിഷ്നോയി സംഘവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളായിരുന്നു തപന്‍. ഇയാളെ കൂടാതെ വിക്കി ഗുപ്ത, സാഗർ പാൽ, സോനു കുമാർ ചന്ദർ ബിഷ്‌ണോയ്, എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. മെയ് 8 വരെ പോലീസ് കസ്റ്റഡിയിൽ തുടരാനായിരുന്നു കോടതിയുടെ തീരുമാനം. ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്നോയിയെയും ഒളിവില്‍ കഴിയുന്ന സഹോദരന്‍ അന്മോള്‍ ബിഷ്നോയിയെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് സല്‍മാന്‍ ഖാന്‍റെ ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റ് വസതിക്ക് നേരെ വെടിവയ്പ്പ് നടന്നത്. ബൈക്കില്‍ എത്തിയ രണ്ടുപേര്‍ സല്‍മാന്‍ ഖാന്‍റെ വീടിന് മുന്നില്‍ എത്തി നിറയൊഴിക്കുകയായിരുന്നു. ഏതാനും റൗണ്ട് വെടിവച്ചശേഷം അക്രമികള്‍ കടന്നുകളഞ്ഞിരുന്നു. സംഭവസമയത്ത് നടന്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഏപ്രില്‍ 26ന് തപനെ പഞ്ചാബില്‍ നിന്നാണ് പിടികൂടിയത്. നേരത്തെ സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്നോയിക്ക് ഇതുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിച്ചിരുന്നു. പിന്നീട് വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്മോള്‍ ബിഷ്നോയി രംഗത്തെത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here