വിഴിഞ്ഞത്ത് ആദ്യ ചൈനീസ് കപ്പൽ എത്തി; ‘ഷെൻ ഹുവ 15’ നെ വാട്ടർസല്യൂട്ട് നൽകി സ്വീകരിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ എത്തി. ചൈനയിലെ ഷാൻഹായ് തുറമുഖത്തു നിന്നുള്ള കപ്പലായ ‘ഷെൻ ഹുവ 15’ ആണ് ഇന്ന് രാവിലെ വിഴിഞ്ഞത്തെത്തിയത്. കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. 100 മീറ്റര്‍ ഉയരമുള്ള അത്യാധുനിക ക്രെയ്നുകൾ വഹിച്ചുള്ള കപ്പലിനെ ബര്‍ത്തിലേക്ക് കൊണ്ടുവന്നു.
കപ്പലിനെ ഔദ്യോഗികമായി ഒക്ടോബര്‍ 15ന് സ്വീകരിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ സാങ്കേതിക വശങ്ങള്‍ പരിശോധിക്കാനാണ് ഇന്ന് കപ്പലിനെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചത്.
ഓഗസ്റ്റ് 30നാണ് ഷാൻഹായ് തുറമുഖത്തു നിന്ന് കപ്പല്‍ യാത്ര പുറപ്പെട്ടത്. സെപ്റ്റംബര്‍ 24ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി. ഇന്നലെ വിഴിഞ്ഞത്തെ പുറംകടലില്‍ എത്തിയ ‘ഷെന്‍ ഹുവ 15’ ഇന്ന് രാവിലെ പദ്ധതി പ്രദേശത്തെത്തിയത്.
മറ്റു ക്രെയ്നുകളെ വഹിച്ചുകൊണ്ടുള്ള കപ്പലുകള്‍ വരും ദിവസങ്ങളിലായി എത്തുമെന്നാണ് സൂചന. രാജ്യത്തെ ആദ്യ ട്രാൻസ്‌ഷിപ്‌മെന്റ് തുറമുഖമായ വിഴിഞ്ഞം ഒക്ടോബര്‍ 15ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാളും ചേര്‍ന്ന് വൈകിട്ട് നാല് മണിക്ക് ഉദ്ഘാടനം ചെയ്യും. 20മീറ്ററിലധികം ആഴമുള്ള തുറമുഖത്തിന്റെ ആദ്യ ഘട്ടം അടുത്ത വര്‍ഷം മെയ്യില്‍ പൂര്‍ത്തിയാകും.
ഏറ്റവും വലിയ കപ്പലുകള്‍ക്കു പോലും സുഗമമായി വന്നുപോകാവുന്ന സൗകര്യമുള്ള തുറമുഖമാണ് വിഴിഞ്ഞം. അന്താരാഷ്ട്രതലത്തില്‍ ക്രൂസ് ഒപ്പറേഷനുകള്‍ നടക്കാനിരിക്കുന്ന വിഴിഞ്ഞം വന്‍ ജോലി സാധ്യതകളാണ് തുറന്നുവയ്ക്കുന്നത്. സഞ്ചാരികളുടെ കാര്യത്തിലും വിഴിഞ്ഞം കേരളത്തിനു മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല. 2024 ന് തുറമുഖം പൂര്‍ണമായി സജ്ജമാകാനാണ് ലക്ഷ്യമിടുന്നത്.