നൈട്രജൻ കൊണ്ട് വധശിക്ഷ നടപ്പാക്കി അലബാമ; അമേരിക്കയിൽ ഇതാദ്യം

വാഷിങ്ടന്‍: അമേരിക്കയില്‍ ആദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. യുഎസ് സംസ്ഥാനമായ അലബാമയാണ് വ്യാഴാഴ്ച ആദ്യ പരീക്ഷണ പ്രക്രിയയായ നൈട്രജൻ ഹൈപ്പോക്സിയ എന്ന രീതിയിലൂടെ വധശിക്ഷ നടപ്പാക്കിയത്.
കെന്നത്ത് യൂജിന്‍ സ്മിത് എന്ന കൊലക്കേസ് പ്രതിയുടെ ശിക്ഷയാണ് ഇങ്ങനെ നടപ്പാക്കിയത്. ശുദ്ധമായ നൈട്രജന്‍ വാതകം ശ്വാസകോശത്തിലേക്ക് നേരിട്ട് പമ്പ് ചെയ്താണ് ശിക്ഷ നടപ്പാക്കിയത്. 1988ൽ കൊലക്കേസിൽ പ്രതിയായ സ്മിത്ത് 1996ൽ അറസ്റ്റിലായത് മുതല്‍ തടവിലായിരുന്നു.

മാരകമായ വിഷ രാസവസ്തുക്കള്‍ കുത്തിവെച്ചാണ് പൊതുവേ അലബാമ വധശിക്ഷ നടപ്പാക്കിയിരുന്നത്. 2022ല്‍ സ്മിത്തിന് കുത്തിവെപ്പിലൂടെ വധശിക്ഷ നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇത് വീണ്ടും നടത്തുന്നതിനെതിരെ സ്മിത്ത് അപ്പീല്‍ നല്‍കി. യുഎസ് നീതിന്യായ വ്യവസ്ഥ അനുസരിച്ച് വധശിക്ഷയുടെ ഒരു പ്രത്യേക രീതി സ്വീകാര്യമല്ലെന്ന് കുറ്റവാളികള്‍ വാദിച്ചാല്‍, മറ്റൊരു രീതി തിരഞ്ഞെടുക്കേണ്ടതുണ്ട്.

ഒക്‌ലഹോമ, മിസിസിപ്പി സംസ്ഥാനങ്ങള്‍ക്കൊപ്പം അലബാമയും മാരകമായ കുത്തിവയ്‌പ്പിന് പകരമായി നൈട്രജൻ ഹൈപ്പോക്‌സിയ ഉപയോഗിക്കാന്‍ അംഗീകാരം നൽകിയിട്ടുണ്ട്. അങ്ങനെ സ്മിത്തിൻ്റെ ശിക്ഷ നൈട്രജൻ ഹൈപ്പോക്സിയയിലൂടെ നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.

ഈ രീതി ക്രൂരമാണെന്നും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളിക്കളഞ്ഞു. യുഎസിലെ 50 സംസ്ഥാനങ്ങളില്‍ 27ല്‍ മാത്രമാണ് വധശിക്ഷ നിയമപരമായി അംഗീകരിച്ചിട്ടുള്ളത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top