ഇന്ത്യയിൽ കടം വീട്ടി; തുടക്കം മികച്ചതാക്കി കിവീസ്
അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പിൻ്റെ കന്നി മത്സരത്തിൽ ലോക ചാമ്പ്യന്‍മാര്‍ക്ക് ആധികാരികമായ മറുപടി നൽകി കിവികൾ. 2019 ലോകകപ്പ് ഫൈനലിലേറ്റ തോൽവിയ്ക്ക് കിവീസ് ഇംഗ്ലീഷ് പടയോട് പക വീട്ടിയ കാഴ്ചയായിരുന്നു ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൻ്റെ ആദ്യ മത്സരം. ഡെവോണ്‍ കോണ്‍വെ (152), രചിന്‍ രവീന്ദ്ര (123) എന്നിവർ പുറത്താവാതെ നേടിയ സെഞ്ചുറിയാണ് ന്യൂസിലൻ്റിനെ വിജയത്തിലേക്ക് നയിച്ചത്.
ഇംഗ്ലിഷ് പട ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം വെറും 36.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവികൾ മറികടന്നു. 82 പന്തുകൾ ബാക്കിനിൽക്കെയാണ് ലോകചാമ്പ്യൻമാരെ കിവികൾ തകർത്തത്. മിന്നും പ്രകടനം കാഴ്ചവെച്ച ഡെവോൺ കോൺവെയുടെയും യുവതാരം രചിൻ രവീന്ദ്രയയുടെയും വെടിക്കെട്ട് സെഞ്ചുറികളാണ് ന്യൂസീലൻഡിന് മികച്ച വിജയം സമ്മാനിച്ചത്. രചിനും കോൺവെയും ചേർന്ന് രണ്ടാം വിക്കറ്റിൽ 273 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഒരു വിക്കറ്റെടുക്കുകയും സെഞ്ചുറി നേടുകയും ചെയ്ത രചിനാണ് മാൻ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ജോ റൂട്ടിന്റെ (77) ഇന്നിംഗ്‌സാണ് മികച്ച സ്കോർ നൽകിയത്. എന്നാൽ മറുപടി ബാറ്റിംഗില്‍ രണ്ടാം വിക്കറ്റിൽ 211 പന്തിൽ 273 റൺസാണ് കിവികള്‍ അടിച്ചുകൂട്ടിയത്.കോൺവേ 121 പന്തിൽ മൂന്ന് സിക്സും 19 ഫോറും സഹിതം 152 റൺസും രചിൻ രവീന്ദ്ര 123 റൺസുമെടുത്തു. പുറത്താകാതെ വെറും 36.2 ഓവറിൽ കളി കിവികൾക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു രചിന്‍ -കോൺവെ സഖ്യം .
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here