തലസ്ഥാനം പോലീസ് ബന്തവസിൽ; കേരള സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്തവരുടെ ആദ്യയോഗം ഇന്ന്; നഗരം കുരുങ്ങുമെന്ന് ഉറപ്പായി
തിരുവനന്തപുരം: ഇടതു സംഘടനകളുടെ പ്രതിഷേധങ്ങൾക്കിടെ, കേരള സർവകലാശാലാ സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യയോഗം ഇന്ന്. ഇവരെ തടയുമെന്ന് എസ്എഫ്ഐ അടക്കം സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഇതിനെ നേരിടാനുള്ള പോലീസ് സന്നാഹം നഗരവാസികളെ വലയ്ക്കും. നിലവിലെ റോഡ് അറ്റകുറ്റപ്പണികൾ കാരണം കുരുക്കിലായിരിക്കുന്ന നഗരം ഇന്ന് കൂടുതൽ ഗതികേടിലാകും.
സെനറ്റ് യോഗത്തിന് കനത്ത സുരക്ഷയൊരുക്കുമെന്ന് സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പുതുതായി നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾ സംരക്ഷണം തേടി സമീപിച്ചപ്പോഴാണ് സർക്കാർ നിലപാട് കോടതി ആരാഞ്ഞത്. യോഗം കഴിഞ്ഞുള്ള വിവരങ്ങൾ അറിയാൻ കേസ് അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. രാവിലെ 11ന് സർവകശാലാ ആസ്ഥാനത്താണ് യോഗം.
പോലീസിനെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ലെന്ന് അറിയിച്ചാണ് ഹർജിക്കാർ ഹൈക്കോതിയെ സമീപിച്ചത്. കാലിക്കറ്റ് സർവകലാശാലാ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യപ്പട്ടവരെ യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ എസ്എഫ്ഐക്കാർ തിരിച്ചയച്ച കാര്യം ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ തിരുവനന്തപുരം നഗരം മുഴുവൻ ഉൾപ്പെടുത്തി പോലീസ് ബന്തവസ് ഏർപ്പെടുത്തുമെന്നാണ് സർക്കാർ കോടതിക്ക് ഉറപ്പുനൽകിയത്. പ്രതിഷേധക്കാർ സർവകലാശാലാ ക്യാമ്പസിനുള്ളിൽ കടക്കാത്ത വിധത്തിൽ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട് എന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
ഗവർണർക്കെതിരെ സെനറ്റ് നേരത്തെ പാസാക്കിയ പ്രമേയം പുനഃപരിശോധിക്കുന്ന കാര്യം യോഗം ചർച്ച ചെയ്തേക്കും. വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്ന സെർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്ന് ചേരുന്ന യോഗം തിരഞ്ഞെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നത്തെ അജൻഡയിൽ ഈ വിഷയം ഉൾപ്പെടുത്തിയിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here