വിഴിഞ്ഞം സ്വപ്ന സാക്ഷാത്കാരമെന്ന് മുഖ്യമന്ത്രി; ‘സാന്‍ ഫെര്‍ണാന്‍ഡോ’ക്ക് ഔദ്യോഗിക സ്വീകരണം നല്‍കി

വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യമായി എത്തിയ ചരക്കുകപ്പല്‍ സാന്‍ ഫെര്‍ണാന്‍ഡോയ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. തുറമുഖവകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.ശിവന്‍ കുട്ടി, കെ.എന്‍.ബാലഗോപാല്‍, കെ.രാജന്‍, സജി ചെറിയാന്‍, അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനി എന്നിവര്‍ സംബന്ധിച്ചു.
നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടന ചടങ്ങ്. വിഴിഞ്ഞം തുറമുഖം സ്വപ്ന സാക്ഷാത്കാരമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. “ലോകഭൂപടത്തില്‍ വിഴിഞ്ഞവും സ്ഥാനം പിടിച്ചു. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ തുറമുഖം. വെല്ലുവിളികളെ അഭിമുഖീകരിച്ചാണ് വിഴിഞ്ഞം യാഥാര്‍ഥ്യമാക്കിയത്. കേന്ദ്ര സര്‍ക്കാരിനും കരണ്‍ അദാനിക്കും നന്ദി.” – മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി രാഷ്ട്രീയ വിവാദം തുടരവേ വിഴിഞ്ഞത്തിന് തുടക്കമിട്ട ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല.
ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ വിമർശനമുയർന്നിരുന്നു. തിരുവനന്തപുരം എംപി ശശി തരൂര്‍ പങ്കെടുത്തില്ല. ജനങ്ങളോട് എല്‍ഡിഎഫ് സര്‍ക്കാര്‍ വാഗ്ദാന ലംഘനം നടത്തി എന്നാരോപിച്ചാണ് തരൂര്‍ ചടങ്ങ് ബഹിഷ്ക്കരിച്ചത്. എന്നാല്‍ വിഴിഞ്ഞം ട്രയല്‍ റണ്‍ ഉദ്ഘാടന ചടങ്ങ് യുഡിഎഫ് ബഹിഷ്ക്കരിച്ചില്ല. സ്ഥലം എംഎല്‍എ എം.വിന്‍സെന്റ് ചടങ്ങില്‍ പങ്കെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here