ആദ്യം നവകേരളം, പിന്നെ ശവമടക്ക്; പിന്നോക്കക്കാരന്റെ മൃതദേഹത്തോട് ശ്മശാനത്തിലും അവഗണന

ആലുവ: നവകേരള സദസിൽ പങ്കെടുക്കാൻ പോകേണ്ടതിനാൽ മൃതദേഹം ദഹിപ്പിക്കാനാവില്ലെന്ന് ശ്മശാനം ജീവനക്കാരൻ. എറണാകുളം ജില്ലയിലെ കീഴ്മാട് പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്തിലെ പതിനാറാം വാർഡിൽ പന്നിക്കോട് വീട്ടിൽ പി.എ.ശശിയുടെ (60) മൃതദേഹം ഇന്ന് (ഡിസംബര്‍ 7) നാല് മണിക്ക് ദഹിപ്പിക്കാൻ കഴിയില്ലെന്നും തനിക്ക് നവകേരള സദസിനു പോകണമെന്നും ശ്മശാനം ജീവനക്കാരനായ അശോകൻ ബന്ധുക്കളെ അറിയിച്ചു.

കീഴ്മാട് പഞ്ചായത്തിലെ ശ്മശാനം ജീവനക്കാരൻ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആലുവ എംഎൽഎ അൻവർ സാദത്ത് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ബന്ധുക്കൾ ആഗ്രഹിച്ച സമയത്ത് സംസ്കാര ചടങ്ങുകൾ നടത്താതെ നവകേരള സദസിന് പോകണമെന്ന ജീവനക്കാരൻ്റെ നിലപാട് ഗുരുതര വീഴ്ചയാണ്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള മനുഷ്യത്വരഹിതമായ നടപടിയാണിതെന്നും എംഎൽഎ പറഞ്ഞു.

രണ്ട് മണിക്ക് മൃതദേഹം എത്തിക്കാം എന്നും ജീവനക്കാനെ ശശിയുടെ ബന്ധുക്കൾ അറിയിച്ചിരുന്നു. പഞ്ചായത്ത് മെംബറും പഞ്ചായത്ത് സെക്രട്ടറിയും നിർബന്ധിച്ചിട്ടുപോലും അശോകന്‍ വഴങ്ങിയില്ലെന്നും ആരോപണമുണ്ട്. തല്ക്കാലം സംഭവം വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പരാതി നൽകി കേസിൻ്റെ പിന്നാലെ നടക്കാൻ താല്പര്യമില്ലെന്നും ശശിയുടെ മകൻ ശ്യാം മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. പൊതുശ്മശാനം ലഭിക്കാത്ത സാഹചര്യത്തിൽ ആലുവ എൻഎൻഡിപി യോഗത്തിൻ്റെ ശ്മശാനത്തിൽ ചടങ്ങുകൾ നടത്താൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.

പതിനാറാം വാർഡ് മെംബറായ അഭിലാഷ് മാസങ്ങളായി ഇംഗ്ലണ്ടില്‍ ആയതിനാൽ ശ്മശാനം സ്ഥിതി ചെയ്യുന്ന വാർഡ് മെംബറായ താൻ വിളിച്ചിട്ടും ജീവനക്കാരൻ മൃതദേഹം നാല് മണിക്ക് ദഹിപ്പിക്കാൻ തയ്യാറായില്ലെന്ന് വാർഡ് മെംബർ സനില മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. നവകേരള സദസിന് പോകേണ്ടതിനാൽ രണ്ട് മണിക്ക് മുമ്പ് എത്തിക്കാനാണ് അശോകന്‍ ആവശ്യപ്പെട്ടത്. ഇയാളുടെ കൃത്യവിലോപത്തിനെതിരെ പഞ്ചായത്ത്‌ സെക്രട്ടറിക്ക് പരാതി നല്‍കി. രണ്ട് മണിക്ക് എത്തിക്കാം എന്നറിയിച്ചിട്ടും അയാൾ വഴങ്ങിയില്ല. പിന്നീട് പഞ്ചായത്ത് സെക്രട്ടറി അടക്കം വിളിച്ച് ശാസിച്ചതിന് ശേഷം നാല് മണിക്ക് മൃതദേഹം ദഹിപ്പിക്കാൻ ജീവനക്കാരൻ തയ്യാറായെങ്കിലും ശശിയുടെ ബന്ധുക്കൾ മറ്റൊരു ശ്മശാനം ബുക്ക് ചെയ്യുകയായിരുന്നു. ശശി പട്ടികജാതി വിഭാഗക്കാരനായതിനാൽ പഞ്ചായത്ത് ശ്മശാനത്തിൽ ദഹിപ്പിച്ചാൽ 1500 രൂപ മാത്രമാണ് ചിലവ് വരുന്നത്. ഇപ്പോൾ 4500 രൂപ മുടക്കിയാണ് എസ്എൻഡിപിയുടെ ശ്മശാനം ബുക്ക് ചെയ്തതെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം, ശ്മശാനം ജീവനക്കാരനെതിരെ ഉയര്‍ന്ന ആരോപണം പഞ്ചായത്ത് സെക്രട്ടറി സൗമ്യ തള്ളി. നാല് മണിക്ക് മറ്റൊരു സംസ്കാരം ഉള്ളതിനാലാണ് അങ്ങനെ നിലപാടെടുത്തതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വാദം. നാല് മണിക്ക് ദഹിപ്പിക്കാം എന്നറിയിച്ചിട്ടും ബന്ധുക്കൾ മറ്റൊരു സ്ഥലം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും സൗമ്യ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top