‘കാലേൽക്കർ കമ്മിഷനെ എന്തുകൊണ്ട് നെഹ്രുവും കോൺഗ്രസും അവഗണിച്ചു’; ചോദ്യവുമായി അമിത് ഷാ

ജവഹർലാൽ നെഹ്രുവിൻ്റെ കാലത്ത് നിയമിച്ച കാലേൽക്കർ കമ്മിഷനെ ചൂണ്ടിക്കാട്ടി കോൺഗ്രസ് സംവരണ വിരുദ്ധരാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയിലെ ആദ്യത്തെ പിന്നാക്ക വിഭാഗ കമ്മിഷൻ എന്നറിയപ്പെടുന്ന കാക്ക കാലേൽക്കർ അധ്യക്ഷനായ സമിതിയുടെ ശുപാർശകൾ എന്തുകൊണ്ട് കോൺഗ്രസ് അംഗീകരിച്ചില്ലെന്നാണ് കേന്ദ്ര മന്ത്രിയുടെ ചോദ്യം.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് 70 ശതമാനം സംവരണം നൽകാനും എല്ലാ സ്ത്രീകളെയും പിന്നാക്കമായി പ്രഖ്യാപിക്കാനുമായിരുന്നു നിർദേശം. 1955 ൽ സമർപ്പിച്ച കലേൽക്കർ റിപ്പോർട്ട് അംഗീകരിച്ചിരുന്നെങ്കിൽ 1980ൽ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കേണ്ടി വരില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
ഒബിസി വിഭാഗത്തിന് സംവരണം ലഭിക്കുമെന്നതിനാലാണ് കലേൽക്കർ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാതിരുന്നത്. പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും ചർച്ച ചെയ്തെങ്കിലും റിപ്പോർട്ടിനെ അവഗണിക്കുകയായിരുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.1990ലെ വിപി സിംഗിൻ്റെ ജനതാ സർക്കാറാണ് മണ്ഡൽ കമ്മിഷൻ ശുപാർശകൾ നടപ്പാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here