ലോകത്ത് ആദ്യമായി അച്ചടിക്കപ്പെട്ട മലയാളം വാക്ക് ‘തെങ്ങ്’; പുസ്തകം ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’
‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിന്‍ ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷചെയ്ത പ്രമുഖ സസ്യശാസ്ത്രജ്ഞനും രാജ്യം പത്മശ്രീ ജേതാവുമായ ഡോ കെഎസ് മണിലാൽ ഇന്ന് അന്തരിച്ചു. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ ഹോളണ്ടിൽ (ഡെൻമാർക്ക്) നിന്നും പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസ് മലബാറിക്കൂസ് മലയാളത്തിൽ വിവർത്തനം ചെയ്തുവെന്നതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ സംഭാവന. ലോകത്തിൽ ആദ്യമായി മലയാള ലിപി അച്ചടിച്ചുവന്ന പുസ്തമാണിത്. ലാറ്റിൻ ഭാഷയിലുള്ള ഹോര്‍ത്തൂസ് മലബാറിക്കൂസ് പുറത്തിറങ്ങി മൂന്നു നൂറ്റാണ്ടിനു ശേഷമാണ് കാലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി വിഭാഗം മേധാവിയും ഗവേഷകനുമായിരുന്ന കെഎസ് മണിലാൽ ഇംഗ്ലീഷിലേക്കും തുടർന്ന് മലയാളത്തിലേക്കും പരിഭാഷ ചെയ്തത്. ഇത് കേരള സർവകലാശാല ആണ് പ്രസിദ്ധീകരിച്ചത്. ‘മലബാറിന്റെ ഉദ്യാനം’ (The Garden of Malabar) എന്നാണ് പുസ്തകത്തിൻ്റെ പേരിൻ്റെ മലയാള അർത്ഥം.
കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോര്‍ത്തൂസ് മലബാറിക്കൂസ് ലാറ്റിനിൽ തയ്യാറാക്കിയത്. 1678 മുതൽ 1703 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ സസ്യശാസ്ത്രഗ്രന്ഥമാണിത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്രഗ്രന്ഥം എന്ന പ്രത്യേകയും ഇതിനുണ്ട്. ഏകദേശം മൂന്ന് പതിറ്റാണ്ടിലേറെ നടത്തിയ ഗവേഷന ഫലമായിട്ടാണ് പുസ്തകം ഡോ മണിലാൽ മലയാളത്തിലും വിവർത്തനം ചെയ്തത്. ഹോർത്തൂസ് മലബാറിക്കൂസിനെ ആധുനിക സസ്യശാസ്ത്രപ്രകാരം സമഗ്രമായി വിശദീകരിക്കുന്ന ഇംഗ്ലീഷ് പതിപ്പ് 2003ലും മലയാളം പതിപ്പ് 2008ലും പുറത്തിറങ്ങി.
ചേർത്തലയിലെ കടക്കരപ്പള്ളിയിൽ നിന്നുള്ള കൊല്ലാട്ട് ഇട്ടി അച്യുതൻ എന്ന പ്രസിദ്ധനായ ഈഴവ വൈദ്യന്റെ സഹായത്തോടെയാണ് വാൻറീഡ് പുസ്തകം തയ്യാറാക്കിയത്. ആമുഖ പേജിൽ തന്നെ, തന്നെ സഹായിച്ച രംഗ ഭട്ട്, വിനായക ഭട്ട്, അപ്പു ഭട്ട് എന്നീ ഗൗഡ സാരസ്വതബ്രാഹ്മണരുടേയും ഇട്ടി അച്ച്യുതൻ്റെയും പേരുകൾ പരാമർശിച്ചിട്ടുണ്ട്. മലബാറിലെ സസ്യജാലങ്ങളെ തരംതിരിച്ച് ചിത്രങ്ങൾ സഹിതമായിരുന്നു ഉള്ളടക്കം ഒരുക്കിയിരുന്നത്. ഈ പ്രാചീന ഗ്രന്ഥത്തിൽ സസ്യങ്ങളുടെ ലത്തീൻ, അറബിക്, കൊങ്കണി, തമിഴ്, മലയാളം പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയാണ് മലയാളം ലിപി ചരിത്രത്തിലാദ്യമായി അച്ചടിക്കപ്പെടുന്നത്.
തെങ്ങ് ആണ് ഗ്രന്ഥത്തില്‍ ആദ്യമായി പറയുന്ന വൃക്ഷം. അതായത് ആദ്യമായി അച്ചടിക്കപ്പെട്ട മലയാളം വാക്ക് ‘തെങ്ങ് ‘ എന്നായിരുന്നു എന്ന് പറയുന്നതാകും ശരി. നമ്മുടെ കല്പവൃക്ഷമായി കരുതപെടുന്നത് കൊണ്ടാവണം തെങ്ങ് ആദ്യമായി തന്നെ ചേർത്തിട്ടുള്ളത്. തെങ്ങിന്റെ ചിത്രം ഉൾപ്പെടെ സസ്യശാസ്ത്രപരമയ ഘടനയും ഔഷധ ഗുണങ്ങളും വളരെ വിശദമായി തന്നെ നൽകിയിരിക്കുന്നു.
200 പേജുകളുള്ള ഉള്ള 12 വാല്യങ്ങളായി ലാറ്റിനിലുള്ള ഹോർത്തൂസ് മലബാറിക്കൂസ് പ്രസിദ്ധീകരിച്ചത്. 742 അദ്ധ്യായങ്ങളുണ്ട്. 794 ചിത്രങ്ങളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. 1616 പേജുകളിലായി 742 സസ്യജാലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും 791 ചിത്രങ്ങളും ചേർത്തിട്ടുള്ള എറ്റവും മികച്ച മലയാള പരിഭാഷ തന്നെയാണ് ഡോ മണിലാൽ ഹോർത്തൂസ് മലബാറിക്കൂസിന് നൽകിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here