ഫുള്‍ ചാര്‍ജ്ജായി ലോക്‌സഭാ സമ്മേളനത്തിലേക്ക് പ്രതിപക്ഷം; പരസഹായത്തോടെ ഭരിക്കുന്നതിലെ ആത്മവിശ്വാസ കുറവുമായി ബിജെപി
പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം നാളെ തുടങ്ങാനിരിക്കേ സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത തകര്‍ന്നതിന്റെ പേരില്‍ കഴിഞ്ഞ ഒരാഴ്ചയായി ദേശവ്യാപകമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്.കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പ്രതിപക്ഷ സമരത്തിന് മുന്നില്‍ പകച്ച് നില്‍ക്കുന്നത്. കാല്‍ ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥി – യുവജനങ്ങളുടെ ഭാവി പന്താടുന്നു എന്നതിന്റെ പേരിലാണി സമരങ്ങള്‍. വര്‍ദ്ധിത ആത്മവിശ്വാസവുമായി നില്‍ക്കുന്ന പ്രതിപക്ഷത്തെ നേരിടുന്നതിന്റെ ആത്മവിശ്വാസക്കുറവ് പ്രധാനമന്ത്രിക്കും ബിജെപിക്കുമുണ്ടെന്ന് വ്യക്തമാക്കുന്ന സംഭവവികാസങ്ങളാണ് ഒരാഴ്ചയായി ഡല്‍ഹിയില്‍ നടക്കുന്നത്.
അഖിലേന്ത്യാ മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ദേശീയാടിസ്ഥാനത്തില്‍ നടക്കുന്ന പല പരീക്ഷകളും റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തതാണ് സര്‍ക്കാരിനെ വിഷമ വൃത്തത്തിലാക്കിയത്. നീറ്റ് പരീക്ഷയുടെ തലേന്നാള്‍ ബീഹാറില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പിന്നില്‍ സംഘടിത മാഫിയ സംഘമാണെന്ന് പോലീസ് പറയുന്നുണ്ട്. എന്നാല്‍ വിദ്യാഭ്യാസത്തെ സംഘവല്‍ക്കരിച്ചതിന്റെ ദുരന്തമാണെന്ന് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷവും ആരോപിക്കുന്നു.
കേവല ഭൂരിപക്ഷമില്ലാതെ ഘടകകക്ഷികളുടെ ഔദാര്യത്തില്‍ ഭരിക്കേണ്ടിവരുന്നതിന്റെ ആത്മവിശ്വാസക്കുറവ് ഭരണമുന്നണിയില്‍ പ്രകടമാണ്. കഴിഞ്ഞ പത്ത് വര്‍ഷം ഗോളിയില്ലാത്ത ഗോള്‍ പോസ്റ്റില്‍ ഗോളടിക്കുന്ന ടീമായിരുന്നു ബിജെപി. ഇത്തവണ കട്ടയ്ക്ക് കട്ട നില്‍ക്കുന്ന പ്രതിപക്ഷത്തെയാണ് സഭയില്‍ നേരിടേണ്ടി വരുന്നത്. പ്രോ ടേം സ്പീക്കറെ നിയമിക്കുന്നതിലെ കീഴ്‌വഴക്കം ഭരണകക്ഷി ലംഘിച്ചതിനെ രൂക്ഷമായാണ് കോണ്‍ഗ്രസും പ്രതിപക്ഷവും നേരിട്ടത്. ഈ ആക്രമണോത്സുകത വരും ദിനങ്ങളില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് കാണാനാവും.
ചോദ്യപേപ്പര്‍ ചോര്‍ച്ചയോടെ ദേശീയ പരീക്ഷാ ഏജന്‍സിയുടെ വിശ്വാസ്യത തന്നെ പാടെ തകര്‍ന്നുപോയി. പിഴവുകളില്ലാതെ മത്സര പരീക്ഷകള്‍ നടത്തുന്നതിന് ശുപാര്‍ശകള്‍ രണ്ട് മാസത്തിനകം സമര്‍പ്പിക്കാന്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി ഏഴംഗ സമിതിയെ നിയമിച്ചുകൊണ്ട് തല്‍ക്കാലം പിടിച്ചു നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 240 ലധികം അംഗങ്ങളുള്ള പ്രതിപക്ഷത്തെ ലോക്‌സഭയില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടും സര്‍ക്കാരിനെ അലട്ടുന്നുണ്ട്.
ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തെക്കുറിച്ച് ഇത് വരെ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലായ വിഷയത്തെക്കുറിച്ച് മൗനത്തിലാണെന്ന് പ്രയങ്ക ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. നാളെ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക. ആദ്യം പ്രധാനമന്ത്രിയും പിന്നാലെ മന്ത്രിമാരും അതിനുശേഷം എംപിമാരും സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here