മരണത്തിലും നന്മ വിതറി ഫാ.സേവ്യര്‍ വടക്കേക്കര; വൈദികന്റെ ശരീരം പഠനാവശ്യത്തിന് വിട്ടുനല്‍കി; രാജ്യത്ത് ആദ്യം

രാജ്യത്തെ കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഒരു വൈദികന്റെ ശരീരം പഠനാവശ്യത്തിനായി വിട്ടു നല്‍കി. കപ്പൂച്ചിന്‍ സന്യാസ വൈദികനും പ്രമുഖ എഴുത്തുകാരനുമായ ഫാദര്‍ സേവ്യര്‍ വടക്കേക്കരയുടെ ഭൗതികദേഹമാണ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് (AIIMS) കൈമാറിയത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ഈ തീരുമാനം എടുത്തതെന്ന് ‘ഇന്ത്യന്‍ കറന്റസ്’ മുന്‍ ചീഫ് എഡിറ്റര്‍ ഫാദര്‍ സുരേഷ് മാത്യു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

തിങ്കളാഴ്ചയാണ് സേവ്യര്‍ വടക്കേക്കര (72) വിട പറഞ്ഞത്. പാലായ്ക്കടുത്ത് നീലൂരിലാണ് ജനനം. കഴിഞ്ഞ 45 വര്‍ഷമായി വൈദികവൃത്തിയില്‍ തുടര്‍ന്ന അദ്ദേഹം മാധ്യമ – പ്രസാധക രംഗത്തും സജീവമായിരുന്നു. ദീര്‍ഘകാലമായി ഡല്‍ഹിയായിരുന്നു കര്‍മ്മമണ്ഡലം. ഫാ.സേവ്യറിന്റെ കുടുംബത്തിലെ മിക്കവര്‍ക്കും കാഴ്ച കുറയുന്ന അസുഖം ഉണ്ടായിരുന്നു. ദശലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന രോഗമാണിത്. സ്യൂഡോ സാന്തോമോ ഇലാസ്തിക്യം (Pseudoxanthoma elasticum) എന്നറിയപ്പെടുന്ന അപൂര്‍വ രോഗം അദ്ദേഹത്തേയും ബാധിച്ചിരുന്നു.

അദ്ദേഹത്തിന്റെ വൈദികരായ മറ്റ് രണ്ട് സഹോദരങ്ങളും ഈ അസുഖം ബാധിച്ചവരാണ്. മുന്നില്‍ നില്‍ക്കുന്നവരെ നിഴല്‍ പോലെ കാണാനേ കഴിയു. ഈ പരിമിതികളെ അതിജീവിച്ചാണ് അദ്ദേഹം തന്റെ ദൗത്യം നിര്‍വഹിച്ചിരുന്നത്. കാഴ്ച ഇല്ലാതായ രോഗത്തിന് കാരണം കണ്ടെത്തണം. ഭാവി ചികിത്സയില്‍ രാജ്യത്തിനും ജനങ്ങള്‍ക്കും ഇതിൻ്റെ പ്രയോജനം ഉണ്ടാകണം എന്നുമുള്ള താല്പര്യത്തിലാണ് അപൂര്‍വ രോഗബാധിതനായ ഈ സന്യാസിവര്യന്‍ തന്റെ ശരീരം എയിംസിന് സമര്‍പ്പിച്ചത്.

രാജ്യത്ത് ആദ്യമായി അന്യമതസ്ഥന് തന്റെ വൃക്ക സൗജന്യമായി നല്‍കിയ വൈദികൻ ഫാ ഡേവിസ് ചിറമ്മലും മരണശേഷം തന്റെ ശരീരം പഠനാവശ്യത്തിന് തൃശൂര്‍ മെഡിക്കല്‍ കോളജിന് വിട്ടുനല്‍കണമെന്ന് 2016 ഓഗസ്റ്റ് 11ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ആഗ്രഹം വ്യക്തമാക്കിയിരുന്നു. 2014 ഒക്ടോബറില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കത്തോലിക്ക വിശ്വാസികള്‍ക്ക് അവയവദാനത്തിനും ശരീരം പഠനാവശ്യങ്ങള്‍ക്കും വിട്ടു നല്‍കുന്നതിനും അനുമതി നല്‍കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top