ബിസിസിഐയുടെ ഏറ്റവും വലിയ യൂ ടേൺ; നഷ്ടപ്രതാപം തിരിച്ച് പിടിക്കാൻ വിരാട് കോഹ്‌ലി ക്യാപ്റ്റനായ കാലത്തേക്ക് മടക്കം
സ്വന്തം നാട്ടിൽ ന്യൂസിലൻഡിനെതിരെയും ഓസിസിനെതിരെ അവരുടെ നാട്ടിൽ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനെ മാറ്റണമെന്ന മുറവിളി ഉയരുകയാണ്. ഇംഗ്ലണ്ടുമായി നടക്കുന്ന പരമ്പരയിൽ പുതിയ നായകൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫി കഴിഞ്ഞാൽ ഉടൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമ ബിസിസിഐയെ അറിയിച്ചിരുന്നു. അത് ബോർഡ് അംഗീകരിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ടീമിൻ്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ചില മാറ്റങ്ങൾക്ക് ബിസിസിഐ ഒരുങ്ങുന്നതായിട്ടാണ് സൂചനകൾ.
ഗൗതം ഗംഭീർ മുഖ്യ പരിശീലകനായി ചുമതലയേറ്റശേഷം ടീം ഇന്ത്യ നടത്തിയ പ്രകടനത്തിൽ ബിസിസിഐ തൃപ്തരല്ല. താരങ്ങളുടെ ഫോം തിരികെ പിടിക്കാൻ വിരാട് കോഹ്‌ലി ക്യാപ്റ്റനായിരുന്ന സമയത്ത് നിലവിൽ ഉണ്ടായിരുന്ന ഫിറ്റ്‌നസ് ടെസ്റ്റുകളും പഴയ ഫിറ്റ്നസ് മാനദണ്ഡങ്ങളും പുനസ്ഥാപിക്കാനാണ് തീരുമാനം. കളിക്കാരുടെ ജോലിഭാരവും മത്സരങ്ങൾക്കിടയിലെ യാത്രയുടെ ദൈർഘ്യവും കണക്കിലെടുത്ത് നിർബന്ധിത യോ-യോ ഫിറ്റ്നസ് ടെസ്റ്റടക്കം ബിസിസിഐ ഒഴിവാക്കിയിരുന്നു. എന്നാൽ വീണ്ടും കളിക്കാരെ പഴയ നിയമങ്ങള്‍ അനുസരിച്ചുള്ള ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കാനാണ് മെഡിക്കൽ ടീമിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മത്സരങ്ങൾ നടക്കുന്ന സമയത്ത് കളിക്കാർ കുടുംബാംഗങ്ങൾക്കും കാമുകിമാർക്കുമൊപ്പം താമസിക്കുന്നതിനടക്കം നിയന്ത്രണം ഏർപ്പെടുത്താനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. വിദേശപര്യടനങ്ങൾക്കിടയിൽ കുടുംബാംഗങ്ങളുടേയും കാമുകിമാരുടേയും സാന്നിധ്യം കളിക്കാരുടെ ശ്രദ്ധ തിരിക്കുകയും അവരുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്യുമെന്നാണ് ബിസിസിഐ പറയുന്നത്.വിദേശപര്യടനവേളയിൽ എല്ലാ കളിക്കാരും എല്ലാ സമയത്തും ഒന്നിച്ച് മാത്രമേ യാത്ര ചെയ്യാവൂ എന്ന നിയമാണ് ബിസിസിഐ കൊണ്ടുവരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here