ഇടുക്കിയില്‍ വിവിധ കുരിശുപള്ളികള്‍ക്ക് നേരെ ഒരേസമയം ആക്രമണം; കല്ലെറിഞ്ഞ് ചില്ലുകള്‍ തകര്‍ത്ത നിലയില്‍

ഇടുക്കി: ഹൈറേഞ്ച് മേഖലയിലെ വിവിധ കുരിശുപള്ളികള്‍ക്ക് നേരെ അജ്ഞാതസംഘത്തിന്‍റെ ആക്രമണം. കട്ടപ്പന കമ്പംമെട്ട്, കൊച്ചറ, ഇരുപതേക്കര്‍, തുടങ്ങിയ മേഖലകളിലെ ഓര്‍ത്തഡോക്‌സ് കുരിശുപള്ളികളുടെ ചില്ലുകളാണ് എറിഞ്ഞു തകര്‍ത്തത്. പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയുടെ കപ്പേളയും ആക്രമിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് വിവിധ കുരിശുപള്ളികള്‍ക്ക് നേരെ ആക്രമണം നടന്നത്. അജ്ഞാതന്‍ ബൈക്കില്‍ വന്ന് കുരിശുപള്ളിക്ക് നേരെ കല്ലെറിഞ്ഞതായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇയാളുടെ മുഖം വ്യക്തമല്ല. കുരിശുപള്ളികള്‍ക്ക് നേരെ ഒരേസമയമാണ് ആക്രമണം നടന്നതെന്ന് പുളിയന്‍മല സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോസ് അയക്കരപ്പറമ്പില്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
‘പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിക്ക് കീഴില്‍ മൂന്ന് കുരിശുപള്ളികളാണ് ഉള്ളത്. ഇവ മൂന്നിന്റെയും ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. അന്വേഷിച്ചപ്പോഴാണ് മറ്റ് കുരിശുപള്ളികള്‍ക്ക് നേരെയും ആക്രമണം നടന്നതായി അറിഞ്ഞത്. അക്രമത്തിനു പിന്നില്‍ ഒരു വ്യക്തി അല്ല എന്നത് തീര്‍ച്ചയാണ്. അതുകൊണ്ടാണ് പല ഇടങ്ങളിലായി ഒരേസമയം ആക്രമണം നടന്നത്. ഇതിനു പിറകില്‍ കൃത്യമായ അജന്‍ഡയുണ്ട്’ ഫാ. ജോസ് വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here