വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിയെ തട്ടിക്കൊണ്ടുപോയി; തോക്ക് ചൂണ്ടി ഭീഷണി; പോലീസ് ഉദ്യോഗസ്ഥനടക്കം 5 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നിരസിച്ച യുവതിയെ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഉപദ്രവിച്ച കേസില്‍ പോലീസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. എ.ആർ ക്യാംപിലെ ഗ്രേഡ് എഎസ്ഐ സുധീർ, പരശുവയ്ക്കൽ സ്വദേശികളായ ശ്യാം ദേവദേവൻ, അരുണ്‍, പാറശാല സ്വദേശി ഷാനിഫ്, പൗണ്ട് കോളനി സ്വദേശി ഷജില എന്നിവരെയാണ് പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് വിവാഹം കഴിക്കാനാണ് തട്ടിക്കൊണ്ടുപോയതെന്ന് ശ്യാം മൊഴി നല്‍കി.

വിവാഹബന്ധം വേര്‍പെട്ട് കഴിഞ്ഞിരുന്ന യുവതിയും ശ്യാമും സുഹൃത്തുക്കളായിരുന്നു. പിന്നീട് യുവതി ശ്യാമില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തുടങ്ങി. ഇതില്‍ അസ്വസ്ഥനായിരുന്ന ശ്യാം യുവതിയെ നിരന്തരം ശല്യപ്പെടുത്തി. ഇവര്‍ തമ്മില്‍ നെടുമങ്ങാട് കോടതിയില്‍ സിവില്‍ കേസുണ്ട്. വ്യാഴാഴ്ച രാവിലെയാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനുണ്ടെന്ന് പറഞ്ഞ് ശ്യാമിന്റെ സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന്‍ സുധീര്‍ യൂണീഫോമിലെത്തി യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.

സുധീറിനൊപ്പം ഷാനിഫ്, ഷജില എന്നിവരും വാഹനത്തില്‍ ഉണ്ടായിരുന്നു. വഴിയില്‍വെച്ച് ശ്യാമിന്റെ കാറിലേക്ക് കയറ്റി തിരുനെല്‍വേലിയിലെ ഫാം ഹൗസിൽ എത്തിച്ചു. ഒരുമിച്ച് ജീവിക്കണമെന്ന് ശ്യാം ആവശ്യപ്പെട്ടപ്പോള്‍ യുവതി നിരസിച്ചു. തുടന്ന് കയ്യില്‍ കരുതിയ എയര്‍ഗണ്‍ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ഉപദ്രവിക്കുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോയതാണെന്ന് കണ്ടെത്തിയത്. കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top