അഞ്ച് പുതിയ ജഡ്ജിമാർ ഹൈക്കോടതിയില്‍ ചുമതലയേല്‍ക്കും; ഭിന്നതയുള്ള പേരുകളിൽ തീരുമാനമായില്ല

ന്യൂഡൽഹി: അഞ്ച് ജില്ലാ ജഡ്ജിമാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ. എം.ബി. സ്നേഹലത, ജോൺസൻ ജോൺ, പി. കൃഷ്ണകുമാർ, ജി. ഗിരീഷ്, സി.പ്രദീപ്കുമാർ എന്നിവരുടെ ശുപാർശയാണ് സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിന് കൈമാറിയത്.
അതേ സമയം, ഭിന്നതയുണ്ടായ പേരുകളിൽ കൊളീജിയം തീരുമാനമെടുത്തില്ല. ഹൈക്കോടതി കൊളീജിയവുമായി ചർച്ചചെയ്ത ശേഷം ഈ പേരുകളിൽ തുടർ തീരുമാനം ഉണ്ടാകും. ജസ്റ്റിസ് എസ്. മണികുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് ചേർന്ന ഹൈക്കോടതി കൊളീജിയം നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനം.

എം.ബി സ്നേഹലത കൊല്ലം ജില്ല ജഡ്ജിയും, ജോൺസൺ ജോൺ കൽപ്പറ്റ ജില്ലാ ജഡ്ജിയുമാണ്. തൃശ്ശൂർ ജില്ലാ ജഡ്ജിയാണ് ജി. ഗിരീഷ്. സി.പ്രദീപ്കുമാർ കോഴിക്കോട് ജില്ല ജഡ്ജിയാണ്. നിലവിൽ ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് പി.കൃഷ്ണകുമാർ. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് മാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന എന്നിവർ അടങ്ങിയ സുപ്രീംകോടതി കൊളീജിയത്തിന്റേതാണ് ശുപാർശ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here