പിടികിട്ടാപ്പുള്ളികളുടെ തലയ്ക്ക് പോലീസ് വിലയിട്ടത് വെറും 5 രൂപ; ഉത്തരാഖണ്ഡ് പോലീസിൻ്റെ വിചിത്ര മോഡൽ

പിടികിട്ടാപ്പുള്ളികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിക്കുന്നതിൽ അപൂർവമായി ഒന്നുമില്ല. ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ കുറ്റവാളിയുടെ ‘മൂല്യത്തിന്’ അനുസരിച്ച് പ്രഖ്യാപിക്കാറുണ്ട്. എന്നാൽ അടുത്തിടെ നടന്ന വെടിവയ്പുമായി ബന്ധപ്പെട്ട കേസിലെ മൂന്നു കുറ്റവാളികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് പ്രഖ്യാപിച്ചത് വെറും അഞ്ചുരൂപ. ഇതാണ് പലരുടെയും നെറ്റിചുളിക്കുന്നത്.

ഉത്തർപ്രദേശിലെ രാംപൂരിൽ നിന്നുള്ള സാഹബ് സിംഗ്, രുദ്രാപൂരിൽ നിന്നുള്ള ജസ്വീർ സിംഗ്, ദിനേശ്പൂരിൽ നിന്നുള്ള മൻമോഹൻ സിംഗ് എന്നീ മൂന്ന് പ്രതികളാണ് ഒളിവിൽ കഴിയുന്നത്. ഒക്ടോബർ 12ന് ജാഫർപൂർ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിനു പിന്നാലെയാണ് പ്രതികൾ ഒളിവിൽ പോയതെന്ന് പോലീസ് പറഞ്ഞു. ഏറ്റുമുട്ടലിൽ 40 തവണയോളം പ്രതികൾ വെടിയുതിർക്കുകയും ആക്രമണത്തിൽ എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

”ഈ ക്രിമിനലുകൾക്ക് ഒരു വിലയും കൊടുക്കുന്നില്ലെന്ന് കാണിക്കാനാണ് ഇത്രയും ചെറിയ തുക പാരിതോഷികമായി പ്രഖ്യാപിച്ചത്. അവർക്ക് ജനങ്ങളിൽ ഭയമുണ്ടാക്കാൻ കഴിയും. എന്നാൽ, അവരുടെ മൂല്യം 5 രൂപ മാത്രമാണ്. പ്രതികളെ പിടികൂടുന്നതിനായി ജില്ലയിൽ ഉടനീളം പോസ്റ്ററുകൾ വിതരണം ചെയ്യും” എസ്എസ്‌പി മണികാന്ത് മിശ്രപറഞ്ഞു. ജില്ലയിൽ ഒളിവിൽ കഴിയുന്ന എല്ലാ കുറ്റവാളികളുടെയും പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും ഓരോരുത്തർക്കും സമാനമായ ചെറിയ തുകയാണ് ഇനാം ആയി പ്രഖ്യാപിക്കുകയെന്നും മിശ്ര പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top