തമിഴ്‌നാട്ടിന്റെ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ; ഊട്ടി യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം; കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് പതിനേഴുകാരന്‍ മരിച്ചു
ചെന്നൈ : തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. വിനോദ സഞ്ചാരികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി. നീലഗിരി ജില്ലയുടെ ഭാഗമായുള്ള ഊട്ടിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് ജില്ലാ കളക്ടര്‍ എം അരുണയുടെ നിര്‍ദേശം. നാളെ മുതല്‍ 20വരെ യാത്ര ഒഴിവാക്കാനാണ് അറിയിപ്പ്. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലാണിത്.
തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തില്‍ മിന്നല്‍ പ്രളയമുണ്ടായി. കുത്തിയൊലിച്ചെത്തിയ മലവെള്ളത്തില്‍പ്പെട്ട് പതിനേഴുകാരന്‍ മരിച്ചു. തിരുനെല്‍വേലി സ്വദേശിയ അശ്വിനാണ് മരിച്ചത്. കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.
കുറ്റാലത്തെ മിന്നല്‍ പ്രളയത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപ്രതീക്ഷിതമായി വെള്ളം കുതിച്ചെത്തുന്നതും ആളുകള്‍ ഭയന്ന് നിലവിളിച്ച് ഒടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here