‘ജോസ് കെ മാണി പാലായ്ക്ക് അപമാനം’ ഫ്ലക്‌സ് ബോര്‍ഡുകള്‍ നിറഞ്ഞ് പാലാ ടൗണ്‍; സിപിഎം പുറത്താക്കിയ ബിനു പുളിക്കക്കണ്ടത്തിന് അഭിവാദ്യവും

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാലാ ടൗണില്‍ ഫ്ലക്‌സ് ബോര്‍ഡുകള്‍. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ മാണി പാലായ്ക്ക് അപമാനമാണെന്നാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പാലാ പൗരാവലിയുടെ പേരില്‍ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

സിപിഎം കഴിഞ്ഞ ദിവസം പുറത്താക്കിയ ബിനു പുളിക്കക്കണ്ടത്തിന് അഭിവാദ്യവും ബോര്‍ഡില്‍ അര്‍പ്പിച്ചിട്ടുണ്ട്. ജോസ്‌കെ മാണിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് ബിനുവിനെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നുവെന്നാണ് സിപിഎം ഔദ്യോഗികമായി നല്‍കിയ വിശദീകരണം. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മുമായും ജോസ് കെ മാണിയുമായും നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്ന ബിനുവിനെ പുറത്താക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് വിവരം.

സിപിഎമ്മിന്റെ രാജ്യസഭാ സീറ്റാണ് ജോസ് കെ മാണിക്കു വേണ്ടി കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കിയത്. പിന്നാലെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ജോസ് കെ മാണി ഭയപ്പെടുന്നുവെന്ന പ്രതികരണം ബിനു നടത്തിയത്. ജോസ് കെ മാണി മുന്നണിയിലെത്തിയതു മുതല്‍ പാലായില്‍ നിരന്തരം എതിര്‍പ്പ് ഉയര്‍ന്നിരുന്നു. നിയസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി പരാജയപ്പെട്ടതോടെ ഇത് മൂര്‍ച്ഛിച്ചു. സിപിഎം ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഏക അംഗമായ ബിനുവിന്റെ പേര് പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പാര്‍ട്ടി മുന്നോട്ടുവച്ചെങ്കിലും ജോസ് കെ മാണി അംഗീകരിക്കാതിരുന്നതോടെ ഇടത് സ്വതന്ത്ര ആ സ്ഥാനത്ത് എത്തി. ഇതോടെയാണ് വാക്ക്‌പോര് വീണ്ടും രൂക്ഷമായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top