ഫ്ലിപ്പ്കാർട്ട് ജീവനക്കാര്‍ സമരത്തില്‍; മൂന്നു ദിവസമായി പല ഹബുകളിലും ഡെലിവറി മുടങ്ങി; പ്രതിഷേധം പ്രതിഫലം പകുതിയാക്കിയതില്‍; വലഞ്ഞ് ഇടപാടുകാര്‍
തിരുവനന്തപുരം: ഇ കൊമേഴ്സ് രാജാക്കന്മാരായ ഫ്ലിപ്പ്കാർട്ടിന്റെ കേരളത്തിലെ വിപണനം സ്തംഭനത്തില്‍. ഫ്ലിപ്പ്കാര്‍ട്ട് ജീവനക്കാര്‍ മൂന്നു ദിവസമായി തുടരുന്ന സമരമാണ് വിതരണത്തെ ദോഷകരമായി ബാധിച്ചിരിക്കുന്നത്. ഓര്‍ഡര്‍ ചെയ്ത ആളുകളില്‍ പലര്‍ക്കും സാധനങ്ങള്‍ ലഭിച്ചില്ല. കേരളത്തിലെ ഹബുകളില്‍ ഭൂരിഭാഗത്തെയും സമരം ബാധിച്ചിട്ടുണ്ട്.
സ്കൂള്‍ തുറക്കുന്ന സീസണ്‍ ആയതിനാല്‍ വലിയ ഓഫറാണ് ബാഗുകള്‍ക്കും മറ്റുമായി ഫ്ലിപ്പ്കാര്‍ട്ട് നല്‍കിയത്. ഇതോടെ ആയിരക്കണക്കിന് പേര്‍ ഈ ഓഫര്‍ ഉപയോഗപ്പെടുത്തി മുന്‍കൂര്‍ പണം നല്‍കിയും അല്ലാതെയും ബുക്ക് ചെയ്തു. ഹബുകളില്‍ ഇത് എത്തിയെങ്കിലും സമരമായതിനാല്‍ ഇടപാടുകാര്‍ക്ക് സാധനം ലഭിച്ചിട്ടില്ല. മൂന്ന് ദിവസം മാത്രമാണ് ഒരു ഹബില്‍ സാധനങ്ങള്‍ സൂക്ഷിക്കുക പതിവ്. അത് കഴിഞ്ഞാല്‍ ഓര്‍ഡര്‍ റദ്ദാക്കി തിരിച്ചയക്കും. അതുകൊണ്ട് തന്നെ ബുക്ക് ചെയ്തവര്‍ വലഞ്ഞിരിക്കുകയാണ്.
ഓര്‍ഡര്‍ പ്രകാരം വരുന്ന സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്ന ജീവനക്കാര്‍ക്ക് കമ്പനി നല്‍കിയിരുന്ന പ്രതിഫലം പകുതിയായി വെട്ടിക്കുറച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. നിലവില്‍ 15.50 രൂപയാണ് ഒരു ഐറ്റം ഡെലിവറി ചെയ്യുമ്പോള്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ ഒറ്റയടിക്ക് പ്രതിഫലം 7.50 രൂപയായാണ് വെട്ടിക്കുറച്ചത്. ഇത് നഷ്ടമാകുമെന്ന് കണ്ടതോടെയാണ് എക്സിക്യൂട്ടീവുമാര്‍ സമരത്തിനിറങ്ങിയത്.
“മുന്‍പ് 19.50 രൂപയാണ് ഒരു ഓര്‍ഡര്‍ ഡെലിവറിക്ക് കമ്പനി നല്‍കിയത്. അത് പിന്നീട് 15.50 രൂപയും ഇപ്പോള്‍ അതിന്റെ പകുതിയുമാക്കി. ഈ രീതിയില്‍ സാധനങ്ങള്‍ എത്തിച്ചാല്‍ ഞങ്ങള്‍ക്ക് നഷ്ടമാണ്. കമ്പനി പെട്രോള്‍ അലവന്‍സും ശമ്പളവും നല്‍കുന്നില്ല. കമ്മിഷന്‍ മാത്രമാണ് ആശ്രയം. അതിനാല്‍ സമരത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.” – പേര് വെളിപ്പെടുത്താതെ ഒരു എക്സിക്യൂട്ടീവ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
25 ഓളം ഹബുകള്‍ ഫ്ലിപ്പ്കാര്‍ട്ടിന് കേരളത്തിലുണ്ട്. ഇത് കമ്പനി നേരിട്ടാണ് നടത്തുന്നത്. ഹബുകളിലെ മാനേജര്‍മാര്‍ ഫ്ലിപ്പ്കാര്‍ട്ടിന്റെ സ്റ്റാഫുകളാണ്. ഇവരുടെ കീഴിലാണ് എക്സിക്യുട്ടീവുകള്‍ ജോലി ചെയ്യുന്നത്. “പ്രശ്നം പരിഹരിക്കാന്‍ കമ്പനിയുടെ ഭാഗത്തുനിന്നും ശ്രമം നടക്കുന്നുണ്ട്. പ്രതിഫലം പഴയ രീതിയില്‍ തന്നെയാക്കും എന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച വിവരം.” – ഒരു ഹബ് മാനേജര്‍ പറഞ്ഞു.
പക്ഷെ കമ്പനി അറിയിപ്പ് വിശ്വാസത്തില്‍ എടുക്കില്ലെന്നാണ് ജീവനക്കാര്‍ അറിയിക്കുന്നത്. ജീവനക്കാര്‍ക്കുള്ള ഫീല്‍ഡ് എക്സ് ആപ്പില്‍ പ്രതിഫലം പഴയ പടിയാക്കിയതായി അറിയിപ്പ് നല്‍കണം. ഇല്ലെങ്കില്‍ കമ്പനി പറയുന്നതിന് സാധുത ലഭിക്കില്ലെന്നാണ് ഇവരുടെ പക്ഷം. ജീവനക്കാരുടെ സമരം എന്തായാലും തുടരുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here