രണ്ട് ദിവസത്തിനിടെ 90 ഹോട്ടലുകള്‍ പൂട്ടി; ഓപ്പറേഷന്‍ മണ്‍സൂണുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ രണ്ട് ദിവസത്തെ സ്പെഷ്യല്‍ ഡ്രൈവില്‍ 90 ഹോട്ടലുകള്‍ പൂട്ടി. 1993 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ഹോട്ടലുകളില്‍ ലഭ്യമാകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് മെയ് മുതല്‍ ജൂലൈ വരെ നീണ്ടു നില്‍ക്കുന്ന ഓപ്പറേഷന്‍ മണ്‍സൂണ്‍ എന്ന പേരില്‍ പരിശോധന നടത്തുന്നത്. ഇതോടൊപ്പമാണ് സ്‌പെഷ്യല്‍ ഡ്രൈവും നടത്തിയത്.
ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഹോട്ടലുകളാണ് പൂട്ടിയത്. 315 സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടീസുകളും 262 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നല്‍കി. 22 ഇംപ്രൂവ്മെന്റ് നോട്ടീസുകളും രണ്ട് ദിവസത്തെ പരിശോധനകളില്‍ നല്‍കിയിട്ടുണ്ട്. ഹോട്ടല്‍, റസ്റ്റോറന്റ് എന്നിവയ്ക്ക് പുറമെ ഭക്ഷണ നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി പരിശോധനകള്‍ നടത്തുന്നുണ്ട്.
മഴക്കാലത്ത് കടകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്‍കിയിട്ടുണ്ട്.
കടകളില്‍ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം. പാകം ചെയ്ത ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തില്‍ വേണം സൂക്ഷിക്കാന്‍. ഓണ്‍ലൈന്‍ വിതരണക്കാരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ പോലുള്ള സ്ഥാപനങ്ങളും കൂടുതല്‍ ശ്രദ്ധ നല്‍കണം. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here