ഭക്ഷ്യവിഷബാധാ മരണത്തിന് ഇതുവരെ നാലുകേസ് മാത്രം; മറ്റൊന്നിലും ശാസ്ത്രീയ തെളിവില്ല; കാരണം മന്ത്രി പറയാത്തതെന്ത്
ഭക്ഷ്യവിഷബാധയുടെ വാർത്തകൾ കേരളത്തിൽ ഇപ്പോൾ ദൈനംദിനമെന്നോണം റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഭക്ഷ്യവസ്തുക്കളുടെ പേരുകൾ മാത്രമേ മാറുന്നുള്ളൂ. കാരണം പഴകിയതും പുഴുത്തതുമായ ഭക്ഷ്യവസ്തുക്കൾ തന്നെയെന്ന് ഇടക്കിടെ പേരിന് മാത്രം നടക്കുന്ന റെയ്ഡുകളിലൂടെ വ്യക്തമാകുന്നുണ്ട്. ഇന്നലെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ കാൻ്റീനിൽ നിന്ന് ഭക്ഷണം കഴിച്ച ആറ് നേഴ്‌സിംഗ് വിദ്യാർത്ഥികൾ ചികിത്സയിലാണ്. കൊച്ചി കാക്കനാട് ഡിഎൽഎഫ് ഫ്ളാറ്റ് സമുച്ചയങ്ങളിലെ 500ലേറെ പേരാണ് ഒരുമാസത്തിനിടെ ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയിൽ മരണങ്ങൾ വരെ സംഭവിക്കുന്നുണ്ട്. ഇതൊക്കെയായിട്ടും നാലുപേർ മരിച്ച കേസുകളിൽ മാത്രമേ വിഷബാധക്ക് ശാസ്ത്രിയ തെളിവ് കിട്ടിയിട്ടുള്ളൂ എന്നാണ് ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചത്.
നിയമസഭാ മറുപടിയിൽ പറയുന്നത് ഇങ്ങനെ: “ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ചുരുക്കം ചില മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാ മരണങ്ങളിലും മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിലോ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലോ ‘Food poisoning death’ എന്ന് രേഖപ്പെടുത്തിയിട്ടില്ല. ഭക്ഷ്യവിഷബാധ മൂലമുള്ള മരണം എന്ന് ശാസ്ത്രീയമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത് 4 കേസുകളിൽ മാത്രമാണ്. കേരളത്തിലെ വിവിധ ജില്ലകളിൽ ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് സംസ്ഥാനത്ത് ആകെ വിവിധ കോടതികളിലായി 9 കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. അവയെല്ലാം തന്നെ ട്രയൽ സ്റ്റേജിലാണ്.”
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ മൂലം എത്ര മരണങ്ങൾ ഉണ്ടായിട്ടുണ്ട്; ഭക്ഷ്യ വിഷബാധ സംബന്ധിച്ച് എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; എത്ര കേസുകളിൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നിങ്ങനെ മാത്യു കുഴൽനാടൻ ചോദിച്ച ചോദ്യങ്ങൾക്കായിരുന്നു മന്ത്രിയുടെ മറുപടി.
ഭക്ഷ്യവിഷബാധ കാരണം മരണമുണ്ടാകുന്ന കേസുകളിൽ മറ്റ് മെഡിക്കോ ലീഗൽ കേസുകൾ പോലെ തന്നെ പോസ്റ്റുമോർട്ടം നടത്താറുണ്ട്. എന്നാൽ ഇതിലൂടെയും വിഷബാധക്ക് ശാസ്ത്രിയ തെളിവുകൾ കിട്ടുന്നത് വിരളമാണ് എന്നാണ് മന്ത്രി പറഞ്ഞതിൻ്റെ ചുരുക്കം. പ്രാഥമിക ലക്ഷണങ്ങളോടെ ആശൂപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങുമ്പോൾ തന്നെ ആൻ്റി ബയോട്ടിക്കുകൾ അടക്കം മരുന്നുകൾ കൊടുത്ത് തുടങ്ങും. ഒന്നോ രണ്ടോ ദിവസത്തിന് ശേഷം മരണമുണ്ടാകുമ്പോഴേക്ക് വിഷാംശം കുറഞ്ഞ് പോസ്റ്റുമോർട്ടത്തിൽ തിരിച്ചറിയാകാനാകാത്ത തോതിലേക്ക് എത്തിയിട്ടുണ്ടാകാം. വിഷബാധ മൂലം തുടക്കത്തിൽ തന്നെ ആന്തരാവയവങ്ങൾക്ക് ഉണ്ടായ തകരാറാകും മരണത്തിലേക്ക് എത്തിക്കുക.
ഈ സാഹചര്യത്തിൽ മൈക്രോബയോളജി, ഹിസ്റ്റോപതോളജി അടക്കം പരിശോധനകൾക്ക് സാമ്പിളുകൾ അയക്കുകയാണ് വഴി. മെഡിക്കൽ കോളജുകളിൽ അല്ലാതെ സർക്കാർ ആശുപത്രികളിൽ നടത്തുന്ന പോസ്റ്റുമോർട്ടങ്ങളിൽ പലപ്പോഴും ഇത് ഉണ്ടാകാറില്ല. തെളിവുകളുടെ അഭാവത്തിൽ കേസുകൾ തോറ്റുപോകുന്നതിന് ഇത് കാരണമാകാറുണ്ട്. ഭക്ഷ്യവിഷബാധ സംശയിക്കുന്ന കേസുകളിൽ ആന്തരാവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രിയ പരിശോധന നടത്തുകയെന്നത് നിർബന്ധമാക്കണം.
അതേസമയം ഭക്ഷ്യവിഷബാധയെന്ന് പരാതി ഉയരുമ്പോൾ തന്നെ ബന്ധപ്പെട്ട ഹോട്ടലുകളിൽ പരിശോധന നടത്തി പരാതിയിൽ പറയുന്ന ഭക്ഷ്യവസ്തുവിൻ്റെ സാമ്പിളെടുത്ത് പരിശോധനക്ക് അയച്ചാൽ ഇതാകും ഏറ്റവും ഫലപ്രദമായ തെളിവാകുക എന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇങ്ങനെ സമയോചിതമായി പരിശോധനകൾ ഉണ്ടാകാറില്ല എന്നതാണ് തെളിവുകളുടെ അഭാവം കാണിക്കുന്നത്. ഫുഡ് സേഫ്റ്റി ടോൾ ഫ്രീ നമ്പറുകൾ വഴിയും മറ്റും ആളുകൾ മുൻപത്തേക്കാൾ ജാഗ്രതയോടെ പരാതികൾ അറിയിക്കുന്ന രീതി ഉണ്ടായിട്ടുണ്ട്. അതനുസരിച്ച് ബന്ധപ്പെട്ട വകുപ്പുകൾ ഉണർന്ന് പ്രവർത്തിക്കുകയാണ് പ്രോസിക്യൂഷൻ കുറ്റമറ്റതാക്കാൻ ചെയ്യാൻ കഴിയുന്നത്.
2023- 24 കാലയളവിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് 65,432 പരിശോധനകൾ നടത്തി പതിനായിരത്തിലധികം സ്ഥാപനങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും 40,54,5150 രൂപ പിഴയായി ഈടാക്കിയെന്നുമാണ് ആരോഗ്യവകുപ്പിൻ്റെ അവകാശവാദം. എന്നാൽ മരണം സംഭവിക്കുന്നത് പോലെയുള്ള ഗൌരവമുള്ള കേസുകളിലെങ്കിലും പരിശോധനകൾ യഥാസമയം നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here