തുമ്പച്ചെടി തോരൻ കഴിച്ചതിന് പിന്നാലെ ‘ഭക്ഷ്യവിഷബാധ’; ചേർത്തലയിൽ യുവതി മരിച്ചു

ചേർത്തലയിൽ തുമ്പചെടി തോരൻ കഴിച്ചതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. ചേർത്തല എക്സ്റേ കവലയ്ക്ക് സമീപം ദേവീനിവാസിൽ നാരായണന്റെ ഭാര്യ ജെ ഇന്ദു (42) ആണ് മരിച്ചത്. ചേർത്തല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

മരണകാരണം എന്താണെന്ന് രാസപരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ പറയാൻ കഴിയുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. തുമ്പച്ചെടി തോരൻ മൂലമുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ചില രോഗങ്ങൾ ഉള്ളവർ തുമ്പ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. ഇന്ദു പ്രമേഹത്തിനും ഗോയിറ്ററിനും ചികിത്സ തേടിയിരുന്ന ആളായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

തുമ്പച്ചെടി ഉപയോഗിച്ച് തോരന്‍ തയ്യാറാക്കി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായ ഇന്ദുവിനെ വ്യാഴാഴ്ച രാത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ദുവിനെ ആദ്യം ചേർത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഹരിപ്പാട് സ്വദേശിനി അരളിപ്പൂവ് ചവച്ചതിന് പിന്നാലെ മരണപ്പെട്ടിരുന്നു. പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് വീട്ടിൽ സൂര്യ സുരേന്ദ്രനാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top