സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷാ ലൈസൻസ് വേണ്ടെന്ന് സർക്കാർ; കേന്ദ്ര നിയമത്തിന് വിരുദ്ധമെന്ന് ആക്ഷേപം; അധ്യാപക സംഘടനകളുടെ സമ്മർദ്ദമാണ് ഉത്തരവിന് പിന്നിൽ

തിരുവനന്തപുരം: സ്ക്കൂൾ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസൻസ് ബാധക മല്ലെന്ന് സർക്കാർ ഉത്തരവ്. സ്കൂളുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് ബിസിനസിൻ്റെ ഭാഗമായല്ല, മറിച്ച് നിയമപരമായി കൂട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണ പദ്ധതിക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ആവശ്യമില്ലെന്നാണ് പൊതുവിദ്യാഭ്യാസ അണ്ടർ സെക്രട്ടറി സുനിത എസ് ജോർജ് കഴിഞ്ഞ മാസം 23 ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.

സംസ്ഥാന സർക്കാരിൻ്റെ വിവാദ ഉത്തരവ് കേന്ദ്ര നിയമത്തിന് വിരുദ്ധമാണ്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അറിവോടെയാണ് ഈ ഉത്തരവെന്നാണറിയുന്നത്. കുട്ടികളുടെ ആരോഗ്യം വച്ച് സർക്കാർ പന്താടുകയാണെന്നാണ് വിദ്യാഭ്യാസ പ്രവർത്തകരുടെ ആക്ഷേപം. സ്റ്റാറ്റ്യൂട്ടറി , ലീഗൽ പ്രൊവിഷനായിട്ടാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കപ്പെടുന്നത് എന്നും അതുകൊണ്ട് ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ്സ് റെഗുലേഷൻ 2021 പ്രകാരമുള്ള ഫുഡ് സേഫ്റ്റി ലൈസൻസ് ബാധകമാക്കേണ്ടെന്നാണ് സർക്കാർ പൊതുവിഭ്യാഭ്യാസ ഡയറക്ടറെ അറിയിച്ചിരിക്കുന്നത്.

കേന്ദ്രഭക്ഷ്യസുരക്ഷ നിയമം പാലിക്കേണ്ട സംസ്ഥാന സർക്കാരാണ് ഇങ്ങനൊരു വിവാദ ഉത്തരവ് പുറപ്പെടുവി ച്ചിരിക്കുന്നത്. കേന്ദ്ര ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം ഒരു ശിക്ഷ കൂട്ടുകയാ കുറയ്ക്കുകയോ ചെയ്യാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. കേന്ദ്ര നിയമത്തെ മറികടക്കുന്ന ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആറ്റുകാൽ പൊങ്കാലക്ക് പോലും വഴിയോരങ്ങളിൽ ദാഹജലം കൊടുക്കുന്ന സന്നദ്ധ സംഘടനകൾക്ക് രജിസ്ട്രേഷൻ നിർബന്ധപൂർവ്വം ഏർപ്പെടുത്തിയ സർക്കാരാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷാ നിയമം ബാധകമല്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. വഴിയോര കച്ചവടക്കാരേയും, നിത്യവൃത്തിക്ക് വേണ്ടി പൊതിച്ചോറ് വിൽക്കുന്നവരെ പോലും ഭക്ഷ്യസുരക്ഷ വകുപ്പ് നിരന്തരം വേട്ടയാടുമ്പോഴാണ് സ്കൂളളുകളിലെ ഉച്ചഭക്ഷണത്തിന് ലൈസൻസ് വേണ്ടെന്ന വിചിത്ര ഉത്തരവ് മന്ത്രി ശിവൻകുട്ടിയുടെ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഭരണാനുകൂല അധ്യാപക സംഘടനകളുടെ സമ്മർദ്ദമാണ് വിചിത്ര തീരുമാനത്തിന് പിന്നിലെന്നാണ് ഭരണസിരാ കേന്ദ്രത്തിൽ നിന്നുള്ള സൂചനകൾ.സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ട എന്ന നിലപാട് സർക്കാർ എടുത്തിരിക്കുന്നത് എന്നതാണ് വിരോധാഭാസം. വെങ്ങാനൂർ ഉച്ചക്കട എൽ. എം. എൽ. പി സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച 35 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത് 2022 ജൂണിലാണ്. 2019 ജൂണിൽ കോഴിക്കോട് കീഴ്പ്പയൂർ വെസ്റ്റ് എൽ.പി സ്ക്കൂളിലെ 14 കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റിരുന്നു.2024 മാർച്ച് 2 ന് നെയ്യാറ്റിൻകര തത്തിയൂർ പി.വി.യു.പി.എസിൽ ഉച്ചഭക്ഷണം കഴിച്ച 27 വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഉച്ചഭക്ഷണത്തിലെ ചോറ് വേവാതെ നൽകിയതാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിൻ്റെ കണ്ടെത്തൽ.കായംകുളം ടൗൺ ഗവൺമെന്റ് യുപി സ്കൂളിലെ ഇരുപതോളം കുട്ടികൾക്കും ഭക്ഷ്യ വിഷബാധയേറ്റിരുന്നു. സ്കൂളിൽ നിന്ന് കഴിച്ച ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. സ്കൂളിൽ നിന്ന് സാമ്പാറും ചോറുമാണ് കുട്ടികൾ കഴിച്ചിരുന്നത്.ഭക്ഷ്യവിഷബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത തലസ്ഥാനത്തെ ജി.വി രാജ സ്പോർട്സ് സ്കൂളിലാണ്. ഇവിടെ 2016, 2017, 2018 എന്നീ വർഷങ്ങളിൽ ഭക്ഷ്യ വിഷ ബാധ ഉണ്ടായിട്ടുണ്ട്.

2018 ൽ ജി വി രാജ സ്കൂളിൽ നിന്നും ഭക്ഷണം കഴിച്ച 58 കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഓരോ സംഭവങ്ങളും നടക്കുമ്പോൾ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടും. അത്ര തന്നെ. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ നിരവധി സംഭവങ്ങളാണ് ഓരോ വർഷവും ഭക്ഷ്യ സുരക്ഷ കമ്മീഷണറേറ്റിൽ റിപ്പോർട്ട് ചെയ്യുന്നത്. പാവപ്പെട്ട കുട്ടികളാണ് സർക്കാർ സ്കൂളിൽ പഠിക്കുന്നതും ഉച്ചഭക്ഷണം കഴിക്കുന്നതും.പാവപ്പെട്ട കുട്ടികളുടെ ജീവിതം വച്ച് പന്താടുകയാണ് ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസൻസ് വേണ്ടെന്ന വകുപ്പിൻ്റെ തീരുമാനം എന്ന് വ്യക്തം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top