ഇന്ത്യയിലെ ബിബിസിയുടെ ന്യൂസ് റൂം അടച്ചുപൂട്ടി; മുന്‍ ജീവനക്കാര്‍ രൂപീകരിച്ച സ്വകാര്യ സ്ഥാപനത്തിന് പ്രവര്‍ത്തനം കൈമാറി; ലൈസന്‍സ് മറ്റൊരു കമ്പനിക്ക് നല്‍കുന്നത് ചരിത്രത്തിലാദ്യം

ഡല്‍ഹി: ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം പ്രവര്‍ത്തനം അവസാനിപ്പിച്ചു. നികുതി ലംഘനം ആരോപിക്കപ്പെട്ട് ആദായ നികുതി വകുപ്പിന്റെ നിരന്തര പരിശോധനകള്‍ക്കും ചോദ്യം ചെയ്യലിനും ഒടുവില്‍ ഒരു വര്‍ഷത്തിനുശേഷമാണ് അടച്ചുപൂട്ടിയത്. ഇതേതുടര്‍ന്ന് ബിബിസി ഇന്ത്യയിലെ വാര്‍ത്താ സംപ്രേഷണത്തിന്‍റെ ലൈസന്‍സ് സ്വകാര്യ കമ്പനിക്ക് കൈമാറി. ബിബിസിയുടെ തന്നെ മുന്‍ ജീവനക്കാര്‍ രൂപീകരിച്ച കളക്ടീവ് ന്യൂസ് റൂമിനാണ് ലൈസന്‍സ് കൈമാറിയത്. കളക്ടീവ് ന്യൂസ് റൂം അടുത്ത ആഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
ആദ്യമായാണ് ബിബിസി വാര്‍ത്താ നടത്തിപ്പിന്‍റെ അവകാശം ഒരു രാജ്യത്തെ സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിക്കുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച പുതിയ നിയമത്തെ തുടര്‍ന്നാണ് ബിബിസിക്ക് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങേണ്ടിവന്നത്. പുതിയ കമ്പനിയില്‍ 26 ശതമാനം ഓഹരി ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയതായാണ് വിവരം. പുതിയ സ്ഥാപനത്തില്‍ 200 ജീവനക്കാരാണ് ഉള്ളത്.
1940മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ബിബിസിയുടെ ബ്യൂറോയാണ് ലണ്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഓഫീസ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബിബിസിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. പുതുതായി ആരംഭിക്കാന്‍ പോകുന്ന കളക്ടീവ് ന്യൂസ് റൂമിന് ഹിന്ദി, ഗുജറാത്തി, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഏഴ് ഭാഷകളിലെ വാര്‍ത്താ സംപ്രേക്ഷണത്തിന്‍റെ ലൈസന്‍സാണ് ബിബിസി കൈമാറിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here