ഇ റിക്ഷയിൽ തൂങ്ങിക്കിടന്ന് പണത്തിനായ് യാചിച്ച് കുട്ടികൾ; ഞെട്ടി വിനോദസഞ്ചാരികൾ
വിനോദസഞ്ചാരികളിൽനിന്നും പണം നേടാനായി ഇ റിക്ഷയുടെ പിറകേ ഓടിയ ഒരു കൂട്ടം കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കുട്ടികൾ അപകടകരമാംവിധം ഓടുന്നതുകണ്ട് ഞെട്ടിയ വിനോദ സഞ്ചാരികൾ ആരുടെ എങ്കിലും സഹായം അഭ്യർത്ഥിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം, എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല.
ജിസ്റ്റ് ഡോട് ന്യൂസ് എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ ഷെയർ ചെയ്തത്. പണം ആവശ്യപ്പെട്ട് നിരവധി കുട്ടികൾ ഇ റിക്ഷയിൽ തൂങ്ങിക്കിടക്കുന്നതും ഒരു കുട്ടി വാഹനത്തിനു പുറകേ ഓടുന്നതും വീഡിയോയിൽ കാണാം. കുട്ടികൾ പണത്തിനായി യാചിക്കുമ്പോൾ തങ്ങളുടെ കയ്യിൽ പണമില്ലെന്ന് വിനോദ സഞ്ചാരികൾ പറയുമ്പോഴും കുട്ടികൾ ചെവി കൊള്ളാതെ ഇ റിക്ഷയിൽ തൂങ്ങിക്കിടന്ന് യാത്ര തുടർന്നു. ”ഇത് സുരക്ഷിതമല്ല. ദയവ് ചെയ്ത് നിർത്തൂ. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല,” ഒരു ടൂറിസ്റ്റ് പറയുന്നത് വീഡിയോയിൽ കേൾക്കാം.
നിരവധി സോഷ്യൽ മീഡിയ പേജുകളിൽ വീഡിയോ ചർച്ചാ വിഷയമായിട്ടുണ്ട്. ”രണ്ട് ഇന്ത്യയിലാണ് നമ്മൾ ജീവിക്കുന്നത്. ഒന്ന് ശതകോടീശ്വരൻമാരുടെ വിവാഹത്തിന്റെ റീലുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു… മറ്റൊന്ന് ദാരിദ്ര്യവും ചേരികളും കാണിക്കുന്നു.” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ഇത് ആശങ്കയുണ്ടാക്കുന്നതാണ്, ഈ ഭിക്ഷാടന സമ്പ്രദായം നാം ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here