അണ്ടർവെയറിൻ്റെ ഫൊറൻസിക് പരിശോധന, കയ്യക്ഷര പരിശോധന; ആൻ്റണി രാജുവിൻ്റെ വിധിയെഴുതുക ഇത് രണ്ടും

ലോകത്തൊരിടത്തും ഇങ്ങനെയൊന്ന് ഉണ്ടായിക്കാണില്ല. അടിവസ്ത്രം പ്രധാന തൊണ്ടിവസ്തുവായി ഒരു കേസ്, അത് അട്ടിമറിക്കാൻ വക്കീൽ തന്നെ വെട്ടിത്തയ്ച്ചു ചെറുതാക്കുന്നു, ഹൈക്കോടതിയെ കബളിപ്പിക്കാൻ പ്രതിയെ ഇടുവിച്ച് കാണിക്കുന്നു, കേസ് തീരുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ഈ ഓസ്ട്രേലിയക്കാരൻ്റെ ബനിയൻ തുണിയിൽ തുന്നിയ മുഷിഞ്ഞ നീല അണ്ടർവെയർ, അങ്ങനെയാണ് അതിനെ കേസ് രേഖകളിൽ പറയുന്നത്, അതാണ് ഈ കേസിലെ കേന്ദ്ര കഥാപാത്രം. 60 ഗ്രാം ഹാഷിഷ് ഒളിപ്പിച്ച നിലയിൽ ധരിച്ച് കാണപ്പെട്ട ഇത് അറസ്റ്റിൻ്റെ സമയത്ത് തന്നെ പ്രതിയിൽ നിന്നൂരി വാങ്ങി സീൽചെയ്ത് പരിശോധനക്ക് അയച്ചതാണ്.

സാധാരണ നിലക്ക് ആരും തുന്നി പരുവപ്പെടുത്താൻ ഇടയില്ലാത്ത അണ്ടർവെയറിലെ തട്ടിപ്പ് സ്ഥിരീകരിച്ചത് ഫൊറൻസിക് വിദഗ്ധൻ പി വിഷ്ണു പോറ്റി നടത്തിയ പരിശോധനയിലാണ്. തുന്നലിൻ്റെ സ്വഭാവം മുതൽ നൂലിൻ്റെ പഴക്കം വരെ സൂക്ഷമമായി പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങൾ അമ്പരപ്പിക്കുന്നതാണ്. ജുഡീഷ്യറിയുടെ ഭാഗമായൊരു അഭിഭാഷകൻ കോടതിയോട് ചെയ്ത ചതി എന്നതിനൊപ്പം കൌതുകവും ഉണർത്തുന്ന ആ റിപ്പോർട്ടിൻ്റെ വിശദാംശങ്ങളിലേക്കാണ് ഇന്ന്.

ഒന്നാമതായി, രണ്ടുവശങ്ങളിലെയും അടിഭാഗത്തെയും തുന്നലുകളും, അടിവസ്ത്രത്തിൻ്റെ മറ്റു ഭാഗത്തെ തുന്നലുകളും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. അതായത് കാലുകൾ കയറേണ്ട രണ്ടുവശത്തുമാണ് ‘പരിഷ്കാരം’ നടത്തി ചെറുതാക്കിയിട്ടുളത്. രണ്ട്, അടിഭാഗത്തെ തുന്നൽ, അതായത് കാലിൻ്റെ ഭാഗത്തെ സ്റ്റിച്ച് സാധാരണ പുറത്തേക്ക് കാണാവുന്ന വിധത്തിലാകില്ല എന്നിരിക്കെ, ഇവിടെ ആ ഭാഗത്തെ നൂലുകൾ പുറത്തേക്ക് തന്നെയാണ് ഇരിക്കുന്നത്. തയ്ച്ച് പരിചയമില്ലാത്തതിൻ്റെ പ്രശ്നമാണ്. അല്ലെങ്കിൽ തന്നെ അണ്ടർവെയർ തയ്ച്ചു പരിചയമുളളവർ എത്ര പേരുണ്ടാകും നമ്മുടെ നാട്ടിൽ. അങ്ങനെ ഒരാളെ അത്യാവശ്യ സമയത്ത് ആൻ്റണി രാജുവിന് കിട്ടിയില്ല എന്ന് കരുതേണ്ടിവരും.

അതുപോലെ, ചെറുതാക്കാനായി വെട്ടിക്കളഞ്ഞ ഭാഗത്ത് ഉണ്ടായിരുന്ന ഒരു ലേബൽ, സൈസും കാര്യങ്ങളും എഴുതിയത്, അത് മറ്റൊരു ഭാഗത്ത് കൂട്ടിച്ചേർത്ത് തുന്നിയതായും കണ്ടെത്തി. ഇനി, നൂലിൻ്റെ നിറങ്ങളുടെ കാര്യം. അത് രണ്ടു കളറിലാണ് ഉണ്ടായിരുന്നത്. അതിലൊന്ന് പഴക്കം കൊണ്ട് മങ്ങിയ നിലയിൽ കണ്ടപ്പോൾ, മറ്റൊരു ഭാഗത്ത് തീർത്തും പുതിയ നൂൽ കാണാമായിരുന്നു. അത് പുതിയതും പഴയതുമായ തുന്നലുകളെ സൂചിപ്പിക്കുന്നു. മാത്രവുമല്ല അസ്വാഭികമെന്ന് കണ്ട തുന്നലുകളെല്ലാം പുതിയവ ആണെന്നും ഫൊറൻസിക് റിപ്പോർട്ട് പറയുന്നു

ഇത്രയും കാര്യങ്ങൾ ഫൊറൻസിക് പരിശോധനയിൽ വ്യക്തമാകുന്ന സാഹചര്യത്തിൽ, ഈ തൊണ്ടിവസ്തു ആരൊക്കെ കൈകാര്യം ചെയ്തിരുന്നു എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. കോടതിയാണ് കസ്റ്റോഡിയൻ. ഇവിടെ നിന്ന് അന്യായമായി കൈക്കലാക്കി നാലുമാസത്തോളം കൈവശംവച്ചത് പ്രതിഭാഗം അഭിഭാഷകൻ ആൻ്റണി രാജുവാണ്. കോടതിയിലെ തൊണ്ടി റജിസ്റ്റർ ഇതിന് തെളിവായുണ്ട്. ഇവിടെയാണ് രാജുവിൻ്റെ കുരുക്ക് മുറുകുന്നത്.

തിരുവനന്തപുരം ഫൊറൻസിക് ലാബ് 1996ൽ നൽകിയ ഈ റിപ്പോർട്ടും കയ്യിൽവച്ചാണ് 2002ൽ ഒരു തെളിവുമില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാൻ പൊലീസ് ശ്രമിച്ചത് എന്നതാണ് വിചിത്രം. ആൻ്റണി രാജു എംഎൽഎ ആയിരുന്ന 1996 മുതൽ 2001 വരെ ഉദ്യോഗസ്ഥർക്ക് മേൽ ചെലുത്തിയ സ്വാധീനത്തിൻ്റെ ഫലമായിരുന്നു ആ നടപടിയെന്ന് ന്യായമായും അനുമാനിക്കാം. ഇതിനെക്കുറിച്ചാണ് അദ്ദേഹം ഇപ്പോൾ ചാനൽ മൈക്ക് കാണുമ്പോഴെല്ലാം, തനിക്കെതിരെ ഒരു തെളിവുമില്ലെന്ന് കണ്ടെത്തി പോലീസ് റിപ്പോർട്ട് കൊടുത്ത് അവസാനിപ്പിച്ച കേസാണെന്ന് പറയുന്നത്.

ഇതുപോലെ, അല്ലെങ്കിൽ ഇതിനെക്കാളധികം ആൻ്റണി രാജുവിന് കുരുക്കാകുന്നത് കയ്യക്ഷര പരിശോധനയാണ്. തൊണ്ടിയായ അടിവസ്ത്രം കൈക്കലാക്കാൻ തൊണ്ടി റജിസ്റ്ററിൽ ഇംഗ്ലീഷിൽ എഴുതിയൊപ്പിട്ടത് രാജു തന്നെയെന്ന് കയ്യക്ഷരം പരിശോധിച്ച ഫൊറൻസിക് വിദഗ്ധൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതടക്കം സാധ്യമായ എല്ലാ ശാസ്ത്രിയ പരിശോധനകളും പൂർത്തിയാക്കിയാണ് ആൻ്റണി രാജുവിനെ പ്രതിചേർത്ത് 2006ൽ കുറ്റപത്രം നൽകിയത്. കയ്യക്ഷര പരിശോധനയുടെ നടപടിക്രമങ്ങൾ നോക്കാം ഇനി.

ആൻ്റണി രാജുവിൻ്റെ കൈയ്യക്ഷരത്തിൻ്റെ സാംപിളുകൾ ശേഖരിക്കുകയായിരുന്നു ആദ്യപടി. ഇതിനായി തൊണ്ടി റജിസ്റ്ററിൽ എഴുതിയ അതേ വാചകം; Received the item No T241/90 as per court order on 9.8.90, ആൻ്റണി രാജുവിനെക്കൊണ്ട് അന്വേഷണോദ്യോഗസ്ഥൻ അസി. കമ്മിഷണർ പി.പ്രഭ വീണ്ടും എഴുതിച്ചു. ഒന്നല്ല, അഞ്ച് തവണ വീതം. അഞ്ചുതവണ ഒപ്പും ഇടുവിച്ചു. കൂടാതെ മറ്റൊരു പേപ്പറിൽ, Returned on 5/12/90 എന്നും എഴുതിച്ചെടുത്തു. ഒപ്പും ചേർത്ത് അതും അഞ്ചു തവണ വീതം.

ഇവ കൂടാതെ ആൻ്റണി രാജു 1990 കാലത്തെഴുതിയ ഏതാനും രേഖകളും താരതമ്യത്തിനായി ഫൊറൻസിക് വിഭാഗം ആവശ്യപ്പെട്ടു. ഇതും ശേഖരിച്ച് നൽകിയ ശേഷമാണ് തിരുവനന്തപുരം ഫൊറൻസിക് ലാബ് ജോയിൻ്റ് ഡയറക്‌ടർ കെ.പി. ജയകുമാർ പരിശോധന പൂർത്തിയാക്കിയത്. എല്ലാ കയ്യക്ഷരവും ആൻ്റണി രാജുവിൻ്റെ തന്നെയെന്നും തൊണ്ടി റജിസ്റ്ററിലെ കയ്യക്ഷരത്തിൻ്റെ കാര്യത്തിൽ സംശയമൊട്ടും വേണ്ടെന്നും ആണ് പിന്നീട് എഫ്എസ്എൽ ഡയറക്ടർ ആയി വിരമിച്ച ജയകുമാർ പൊലീസിനെ അറിയിച്ചത്.

വീഡിയോ സ്റ്റോറി കാണാം:

2002ൽ കേസ് അവസാനിപ്പിക്കാൻ പോലീസ് നടത്തിയ നീക്കത്തെ പൊളിച്ച് 2006ൽ ഐജിയായിരുന്ന ടിപി സെൻകുമാറിൻ്റെ നിർദേശപ്രകാരം തുടങ്ങിയ അന്വേഷണത്തിലാണ് ഈ കയ്യക്ഷര പരിശോധന കൂടി നടത്തിയത്. ഇതോടെ പ്രതികളുടെ വിധി തീരുമാനമായിരുന്നു എന്ന് പറയാം. അതുകൊണ്ട് തന്നെയാണ് പിന്നീടുള്ള 16 വർഷം കേസ് ഗാഢനിദ്രയിലായത്, അല്ലെങ്കിൽ എല്ലാ സംവിധാനങ്ങളെയും ഉറക്കികിടത്തിയത് എന്നും പറയാം. കുറ്റകൃത്യം നടന്ന കാലം കൂടി പരിഗണിച്ചാൽ വർഷം 34 ആകുന്നു. ഇവിടെ നിന്നെല്ലാം ഇതിനെ ഉണർത്തിയെടുക്കാൻ നടത്തിയ ശ്രമങ്ങളുടെയെല്ലാം ആകെത്തുകയാണ് ഈ മാധ്യമ സിൻഡിക്കറ്റിൻ്റെ പിറവി എന്നുകൂടി പ്രേക്ഷകരെ ഓർമിപ്പിക്കട്ടെ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top