യുഡിഎഫിനെ പേടിച്ച് വന നിയമഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചു; മലയോര സമര യാത്ര വേണമോ എന്ന് യുഡിഎഫില്‍ ആലോചന

വന നിയമഭേദഗതി കരട് ബില്‍ ഇക്കുറി നിയമസഭയില്‍ അവതരിപ്പിക്കില്ലെന്ന് തീരുമാനിച്ചതോടെ മലയോര സമര പ്രചരണ യാത്രയുമായി മുന്നോട്ടു പോകണോ എന്ന കാര്യത്തില്‍ യുഡിഎഫില്‍ ആലോചന തുടങ്ങി. ക്രിസ്ത്യന്‍ സഭകളും കേരള കോണ്‍ഗ്രസും (എം) ബില്ലിനെതിരെ രംഗത്തുവന്നതോടെയാണ് ഇടതുസര്‍ക്കാരില്‍ പുനരാലോചന തുടങ്ങിയത്. ബില്ലിനെതിരെ നിരവധി പരാതികളും ലഭിച്ചിട്ടുണ്ട്. ഇതുകൊണ്ടൊക്കെ തന്നെ ഇക്കുറിയുള്ള അവതരണത്തില്‍ നിന്നും ബില്ലിനെ സര്‍ക്കാര്‍ ഒഴിവാക്കുകയായിരുന്നു.

ബില്ലുമായി പോയാൽ മലയോര മേഖലയിൽ എൽഡിഎഫ് നാമവശേഷമാകും എന്ന ഇൻ്റലിജൻസ് റിപ്പോർട്ടും സർക്കാരിന് ലഭിച്ചിരുന്നു. വനംനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാതെ സർക്കാർ മുന്നോട്ടുപോകില്ല എന്നാണ് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയത്.

മലയോര സമര പ്രചരണ യാത്രയുമായി മുന്നോട്ട് പോകണോ എന്ന കാര്യം ആലോചിക്കേണ്ടതുണ്ടെന്ന് യുഡിഎഫ് സെക്രട്ടറി സി.പി.ജോണ്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കൂടിയാലോചിച്ച ശേഷം തീരുമാനം പറയാം എന്നാണ് ജോണ്‍ പറഞ്ഞത്. ജനുവരി 27 മുതൽ ഫെബ്രുവരി 5വരെയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ നേതൃത്വത്തിൽ മലയോര സമര പ്രചരണയാത്ര നടത്തുന്നത്. കെ.സുധാകരന്‍ എം.പി, പി.കെ.കുഞ്ഞാലികുട്ടി, പി.ജെ.ജോസഫ്, രമേശ് ചെന്നിത്തല, എം.എം.ഹസന്‍, സി.പി.ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, ജി.ദേവരാജന്‍, മാണി.സി.കാപ്പന്‍ ഉള്‍പ്പെടെ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.

മലയോര കര്‍ഷകരില്‍ നിന്നും ക്രിസ്ത്യന്‍ സഭകളില്‍ നിന്നും ബില്ലിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതോടെയാണ് പ്രക്ഷോഭവുമായി യുഡിഎഫ് രംഗത്തുവന്നത്. വനം നിയമ ഭേദഗതി ബിൽ പിൻവലിക്കുക, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മലയോര കർഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് മലയോര സമര പ്രചരണ യാത്ര.

വനംനിയമ ഭേദഗതി മൂലം മുപ്പതു ലക്ഷത്തോളം കര്‍ഷകര്‍ വനത്തിനുള്ളില്‍ അടിയന്തരാവസ്ഥ പോലെയാണ് ജീവിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വന്യജീവികളുടെ ശല്യം കാരണം ജനജീവിതം ദുസഹമായി. അക്രമകാരികളായ വന്യജീവികളെ വെടിവച്ചു കൊല്ലാമെന്ന് മാധവ് ഗാഡ്ഗില്‍ ശുപാര്‍ശ ചെയ്തിട്ടും സംസ്ഥാന സര്‍ക്കാരിന് അനക്കമില്ലെന്നും ഈ പ്രശ്നങ്ങള്‍ മലയോര സമര പ്രചാരണ യാത്രയില്‍ ഉയര്‍ത്തുമെന്നും ഹസന്‍ അറിയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top