‘തിരച്ചിൽ തമിഴ്നാട്ടിലേക്കും’; മുണ്ടക്കൈയിൽ മണ്ണിനടിയിൽ കൂടുതൽപേർ കുടുങ്ങിയെന്നും സംശയം
വയനാട് ഉരുൾപൊട്ടലിൽ ഇരുന്നോറോളം ആളുകളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ തിരച്ചിൽ തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് വനം വകുപ്പ്. ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നും നിലമ്പൂർ പോത്തൂകല്ലിലേക്ക് കൂടുതല്‍ മൃതദേഹങ്ങൾ ഒഴുകിയെത്തിയ സാഹചര്യത്തിലാണ് പരിശോധന. 45 പൂർണ മൃതദേഹങ്ങളും 30 ശരീരഭാഗങ്ങളുമാണ് ഇവിടെനിന്നും ലഭിച്ചത്.
പോത്തുകല്ലിൽ നിന്ന് 15 കിലോമീറ്റർ വനഭാഗം കഴിഞ്ഞാൽ തമിഴ്നാട് അതിർത്തിയാണ്. മുണ്ടക്കൈയിൽ നിന്ന് 12 കിലോമീറ്ററോളം ചെങ്കുത്തായ മലയിടുക്കിലൂടെ ഒഴുകുന്ന അരണപ്പുഴയിലൂടെയാണ് മൃതദേഹങ്ങൾ ചാലിയാറിലെത്തിയത്. മലവെള്ളപ്പാച്ചിലിൽ മൃതദേഹങ്ങൾ ചാലിയാറിലൂടെ താഴോട്ട് തമിഴ്നാട് ഭാഗത്തേക്ക് ഒഴുകിപ്പോയിട്ടുണ്ടാകും എന്നാണ് സംശയം.
നിലമ്പൂർ ഉൾവനത്തിലെ കൂടുതൽ ഭാഗങ്ങളിൽ ഇന്നും തിരച്ചിൽ നടത്തും. ചാലിയാറിന്റെ പോഷക നദികൾ കേന്ദ്രീകരിച്ച് ഫയർഫോഴ്‌സും തിരച്ചിൽ നടത്തുന്നുണ്ട്. രക്ഷാദൗത്യത്തിനായി എറണാകുളം ജില്ലയിൽനിന്ന് കൂടുതൽ ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് ടീമുകൾ ഇവിടേക്ക് തിരിച്ചിട്ടുണ്ട്. 69 അംഗ ടീമാണ് രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമാവുക.
ദുരന്തം നടന്ന മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ കൂടുതൽപേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായും സംശയമുണ്ട്. മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് ഇവിടെ തിരച്ചിൽ പുരോഗമിക്കുകയാണ്. തുടർച്ചയായി മഴ പെയ്യുന്നത് രക്ഷാപ്രവർത്തകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here