ആനക്കൊമ്പുകൾ സൈനിക ക്യാമ്പുകൾക്ക് കൈമാറുന്നു; വിചിത്രനീക്കം പാങ്ങോട് മിലിട്ടറി സ്റ്റേഷൻ്റെ അപേക്ഷയിൽ; ‘സേഫ് കസ്റ്റഡി’ക്കായി എന്ന് വിശദീകരണം

തിരുവനന്തപുരം: ആനക്കൊമ്പുകൾ അടക്കം വനംവകുപ്പ് സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന അമൂല്യവസ്തുക്കൾ മിലിട്ടറി ക്യാമ്പുകളിൽ സൂക്ഷിക്കാൻ വിട്ടുകൊടുത്ത് സർക്കാരിൻ്റെ വിചിത്രനീക്കം. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്നുള്ള അപേക്ഷ അനുവദിച്ചാണ് ഈ അസാധാരണ നടപടി. ഇരുപത്തിമൂന്ന് ജോഡി ആനക്കൊമ്പുകൾ, ഇരുപത്തിമൂന്ന് ജോഡി മാൻകൊമ്പുകൾ, കൂടാതെ ഇരുപത് ജോഡി കാട്ടുപോത്തിൻ്റെ കൊമ്പുകൾ എന്നിവയാണ് കൈമാറുക. മിലിട്ടറി ക്യാമ്പുകളിൽ ‘സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ’ എന്നാണ് അപേക്ഷയിലും, ഇവ അനുവദിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവിലും പറയുന്നത്.
പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ, ഗ്രാൻഡിയേഴ്സ് ആർ.സി. കമാൻഡൻ്റ്, മദ്രാസ് റെജിമെൻ്റ് രണ്ടാം ബറ്റാലിയൻ കമാൻഡിങ് ഓഫീസർ എന്നിവരുടെ അപേക്ഷകൾ ആറുമാസം മുൻപാണ് സർക്കാരിലേക്ക് എത്തിയത്. മുൻപ് പലപ്പോഴും വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും കമ്പനികളിൽ നിന്നും സമാന ആവശ്യം വനംവകുപ്പിന് മുന്നിൽ എത്തിയിരുന്നെങ്കിലും നിരാകരിക്കുകയായിരുന്നു. കാരണം വന്യജീവി നിയമംപ്രകാരം ആനക്കൊമ്പ്, മാൻകൊമ്പ് അടക്കം വസ്തുക്കൾ പ്രദർശനവസ്തുവാക്കാൻ പാടില്ല. ഇത്തവണ മിലിട്ടറി ക്യാമ്പുകൾക്ക് കൈമാറുമ്പോൾ ഇക്കാര്യത്തിൽ കർശനവ്യവസ്ഥ വയ്ക്കുമെന്ന് ഈ ഇടപാട് ആദ്യം റിപ്പോർട്ട് ചെയ്ത ‘ദ ഹിന്ദു’ ദിനപത്രത്തോട് വനംമന്ത്രി എ.കെ.ശശീന്ദ്രൻ കഴിഞ്ഞയാഴ്ച പ്രതികരിച്ചിരുന്നു.

കൊമ്പുകൾ വിട്ടുകൊടുക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോടാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. പ്രദർശനം, രൂപമാറ്റം, കൈമാറ്റം എന്നിവ ഉണ്ടാകരുത്, നശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽ വനംവകുപ്പിന് തിരിച്ചെടുക്കാം, സൂക്ഷിക്കുന്ന സ്ഥലം എപ്പോൾ വേണമെങ്കിലും ചീഫ് വൈൽഡ് ലൈഫ് വാർഡന് നേരിട്ടെത്തി പരിശോധിക്കാവുന്നതും വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടാൽ തിരിച്ചെടുക്കുകയും ചെയ്യാം എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് ഉത്തരവിൽ പറഞ്ഞിട്ടുളളത്.
അതേസമയം കൊമ്പുകൾ കൈമാറിക്കഴിഞ്ഞാൽ ഈ വ്യവസ്ഥയിലൊന്നും ഒരു കാര്യവും ഉണ്ടാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കൊമ്പായോ കൊമ്പ് കടഞ്ഞെടുക്കുന്ന ശിൽപമായോ പ്രദർശിപ്പിക്കാനല്ലാതെ മറ്റൊരു ഉപയോഗവുമില്ലാത്ത ഈ വസ്തുക്കൾ കൈക്കലാക്കുന്നവർക്ക് സാധാരണഗതിയിൽ വേറെ ലക്ഷ്യമൊന്നും ഉണ്ടാകില്ല. ‘സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ’ എന്നല്ലാതെ കൃത്യമായൊരു കാരണവും സർക്കാർ ഉത്തരവിലും പറയുന്നില്ല. സായുധ സുരക്ഷയിൽ വനംവകുപ്പിൻ്റെ സ്ട്രോങ് റൂമുകളിൽ കാലാകാലങ്ങളായി സൂക്ഷിക്കുന്ന കൊമ്പുകൾക്ക് ഒരു സുരക്ഷാപ്രശ്നവും നാളിതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇവ വിട്ടുകൊടുക്കുന്നതിന് ഒരു കാരണവും വകുപ്പിനോ സർക്കാരിനോ പറയാനില്ല. എത്ര കാലത്തേക്കാണ് നൽകുന്നതെന്നും പറയുന്നില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here